ഉപയോക്താക്കൾക്ക് പ്രതിവർഷം വരിസംഖ്യ ഏർപ്പെടുത്തുന്ന പുതിയ സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ അവതരിപ്പിച്ച് ഇലോണ്‍ മസ്കിന്റെ എക്സ് (ട്വിറ്റര്‍). ഈ രീതിക്ക് തുടക്കം കുറിച്ചതായി എക്സ് പ്രസ്താവനയില്‍ അറിയിച്ചു. പ്രതിവർഷം ഒരു ഡോളറെന്ന (ഏകദേശം 83 ഇന്ത്യന്‍ രൂപ) കണക്കിലാകും വരിസംഖ്യ ഈടാക്കുക.ന്യൂസിലൻഡിൽ 1.43 ന്യൂസിലൻഡ് ഡോളറും ഫിലിപ്പീൻസിൽ 42.51 ഫിലിപ്പീൻ പെസോയുമാണ് സബ്സ്ക്രിപ്ഷൻ നിരക്ക്.
ന്യൂസിലൻഡിലെയും ഫിലിപ്പീൻസിലെയും ഉപയോക്താക്കൾക്കാണ് സബ്സ്ക്രിപ്ഷന്‍ മോഡ് ആദ്യം ലഭ്യമാകുക. ‘നോട്ട് എ ബോട്ട്’ എന്നാണ് പുതിയ സബ്‌സ്‌ക്രിപ്‌ഷൻ മോഡലിന് പേര് നൽകിയിട്ടുള്ളത്. വ്യാജ അക്കൗണ്ടുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ എന്നാണ് എക്സിന്റെ ഔദ്യോഗിക വിശദീകരണം.
പുതിയ മാതൃകയിൽ പണമടയ്ക്കാതെ ഉപോയോഗിക്കുന്നവർക്ക് ‘റീഡ് ഒൺലി’ മോഡിലായിരിക്കും എക്സ് ലഭ്യമാകുക, അതായത്, പുതിയ ഉപയോക്താക്കൾക്ക് പോസ്റ്റുകൾ കാണാനും വായിക്കാനും വിഡിയോകൾ കാണാനും അക്കൗണ്ടുകൾ പിന്തുടരാനും മാത്രമേ കഴിയൂ. പണമടച്ച് ഉപഗോയിക്കുന്നവർക്ക് മാത്രമേ ഇനി മുതൽ എക്‌സിലെ പോസ്റ്റുകൾ ലൈക് ചെയ്യാനും വീണ്ടും ഷെയർ ചെയ്യാനും സാധിക്കുകയുള്ളു.
കഴിഞ്ഞ വര്‍ഷമാണ് ഇലോണ്‍ മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തത്. ഇതിന് പിന്നാലെയാണ് ട്വിറ്റര്‍ എക്സ് എന്ന പേര് സ്വീകരിച്ചത്. പേരുമാറ്റത്തിന്ന് പുറമെ പല സുപ്രധാന മാറ്റങ്ങളും മസ്ക് ട്വിറ്റിറില്‍ പ്രഖ്യാപിച്ചു.
പ്രശസ്തരായ ആളുകളുടെ അക്കൗണ്ടുകൾ തിരിച്ചറിയുന്ന ‘ബ്ലൂ ടിക്ക്’ വെരിഫിക്കേഷൻ സംവിധാനവും മസ്ക് എടുത്തുമാറ്റി. ഇപ്പോൾ ഒരു നിശ്ചിത തുകയടച്ച ആർക്കുവേണമെങ്കിലും എക്‌സിൽ ബ്ലൂ ടിക്ക് സ്വന്തമാക്കാം. ഇതിനെതിരെ ചില വിവാദങ്ങളുയർന്നപ്പോൾ, അന്നും എക്‌സിലെ ബോട്ടുകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താനാണ് ഈ നീക്കമെന്നായിരുന്നു മസ്ക് നൽകിയ മറുപടി. ഓഗസ്റ്റിൽ എക്സിൽ നിന്ന് ബ്ലോക്ക് ഫീച്ചർ നീക്കം ചെയ്യുമെന്നും മസ്‌ക് അറിയിച്ചിരുന്നു. സോഷ്യൽ മീഡിയ ലോകത്തിൽ ആളുകളെ ബ്ലോക്ക് ചെയ്യുന്ന ഫീച്ചറിന് വലിയ അർത്ഥമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മസ്കിന്റെ തീരുമാനം.
സെപ്റ്റംബറിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള തത്സമയ സംവാദത്തിനിടെ എലോൺ മസ്ക് പ്രതിമാസ ഫീസ് എക്‌സിൽ ഏർപ്പെടുത്തുന്നതിനെപ്പറ്റി സൂചനകൾ നൽകിയിരുന്നു.
X no more free, annual subscription fee for all users