രാമജന്മഭൂമിക്കായി ജീവൻ അർപ്പിച്ചവർക്ക് അയോദ്ധ്യയില്‍ സ്മാരകം: യോഗി ആദിത്യനാഥ്


രാമജന്മഭൂമിയ്‌ക്കായി ജീവൻ ബലിയർപ്പിച്ചവർക്ക് അയോദ്ധ്യയില്‍ സ്മാരകം നിർമ്മിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . കോത്താരി സഹോദരന്മാര്‍ മുതല്‍ രാമക്ഷേത്രത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ഓരോ ആൾക്കും ആദരവ് നൽകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് വെടിവെയ്പ്പിലാണ് കോത്താരി സഹോദരങ്ങൾ കൊല്ലപ്പെട്ടത്. 1990 ലാണ് രാം കുമാർ കോത്താരിയും, ശരത് കോത്താരിയും ഉത്തർപ്രദേശിൽ എത്തുന്നത്. കൊൽക്കത്ത സ്വദേശികളായിരുന്നു ഇരുവരും.

ലക്ഷക്കണക്കിന് പേർ അയോദ്ധ്യയില്‍ ബലിദാനികളായി. ആ ആത്മാക്കള്‍ക്ക് നിത്യശാന്തി ലഭിക്കുന്ന അവസരമാണ് ഇപ്പോൾ . ആ ദിവ്യാത്മാക്കള്‍ എവിടെയായിരുന്നാലും ഇന്ന് സന്തോഷിക്കുകയാകുമെന്നും യോഗി ആദിത്യനാഥ്‌ പറഞ്ഞു. അവരുടെ ദൃഢനിശ്ചയമാണ് രാമക്ഷേത്രം എന്ന സ്വപ്‌നം നടത്താന്‍ കാരണമായതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.