
മരണം സൂചിപ്പിച്ചു കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി. ആലുവ സ്വദേശിയായ 28കാരനാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട ശേഷം ജീവനൊടുക്കിയത്. ആലുവ യുസി കോളേജ് കടുപ്പാടം കണ്ണാപടവില്‍ വീട്ടില്‍ ഷെരീഫിന്റെ മകനാണ് അജ്മല്‍. ഇന്‍സ്റ്റഗ്രാമില്‍ ‘ജനനം 1995, മരണം 2023’, എന്ന കുറിപ്പിനൊപ്പം സ്വന്തം ചിത്രവും പോസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.
മുറിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് അജ്മലിനെ വീട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ ആലുവയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുറച്ച് നാളുകളായി അജ്മല്‍ ചെറിയ രീതിയിലുള്ള ഡിപ്രഷനിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ജോലി തേടി ദുബായില്‍ പോയിരുന്നുവെങ്കിലും ജോലിയൊന്നും ശരിയാകാതെ തിരിച്ചു വരികയായിരുന്നു.
ഇക്കാര്യം അജ്മലിനെ മാനസികമായി തകര്‍ത്തിരുന്നുവെന്നാണ് സൂചന. ഇന്നലെ വൈകുന്നേരം 6:30 യോടെയായിരുന്നു അജ്മല്‍ ആത്മഹത്യ ചെയ്തത്. അതിനു പത്ത് മിനുട്ട് മുന്‍പ് മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ മരണം സൂചിപ്പിച്ച പോസ്റ്റിട്ടത്.