വയനാട്ടിൽ പട്ടാപ്പകൽ യുവാവിനെ കടുവ കൊന്നു: മൃതദേഹം കണ്ടത് പാടത്ത്, ഈ വർഷം കടുവ പിടിക്കുന്ന രണ്ടാമത്തെയാൾ

വയനാട്ടില്‍ വീണ്ടും കടുവ ആളെ കൊന്നു .ബത്തേരിക്ക് സമീപം വാകേരി, കൂടല്ലൂര്‍ ,മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തില്‍ പ്രജീഷ് (36) ആണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ ആക്രമിച്ചശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് സൂചന.

നെൽപാടത്തിന് സമീപത്തായിരുന്നു മൃതദേഹം. ഇവിടെ കടുവയെ കണ്ടതായാണ് നാട്ടുകാര്‍ പറയുന്നത്. സംഭവ സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചിട്ടുണ്ട്. ജനവാസ മേഖലയിലാണ് സംഭവം. ഇന്ന് രാവിലെ 11 മണിയോടെയാണ് പ്രജീഷ് പാടത്ത് പുല്ല്  വെട്ടാൻ പോയത്. വൈകിട്ട് പാല് കൊടുക്കുന്ന സമയത്തും പ്രജീഷിനെ കണ്ടില്ല. പിന്നാലെ സഹോദരന്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. വൈകിട്ട് നാലരയോടെ ആക്രമിക്കപ്പെട്ട നലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇടതു കാലിന്‍റെ പകുതിയോളം പൂര്‍ണമായും കടിച്ചുകൊണ്ടുപോയ നിലയിലാണുള്ളത്. വനാതിര്‍ത്തി മേഖലയാണ് മൂടക്കൊല്ലി. ഇവിടങ്ങളില്‍ പലപ്പോഴായി കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ട്. രണ്ടുമാസം മുമ്പ് തോട്ടം തൊഴിലാളികള്‍ക്കുനേരെ കടുവയുടെ ആക്രമണ ശ്രമം ഉണ്ടായ സ്ഥലത്ത് തന്നെയാണ്  ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകുമെന്നും ഡിഎഫ്ഒ അറിയിച്ചു

ഇന്നലെ വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്കു പോകുന്ന വഴി ഒന്നാം ചുരത്തിൽ രാത്രി ആളുകൾ കടുവയെ കണ്ടിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ജനുവരിയില്‍ വയനാട്ടിലെ മാനന്തവാടി പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു. കര്‍ഷകനായ തോമസ് ആണ് അന്ന് മരിച്ചത്. തോമസിനെ ആക്രമിച്ച കടുവയെ പിന്നീട് പിടികൂടുകയായിരുന്നു.

youth killed in Wayanad by Tiger

Also Read

More Stories from this section

family-dental
witywide