‘റിവ്യു ബോംബിങ്’ ഭീഷണി: സംവിധായകൻ്റെ പരാതിയിൽ 9 പേർക്കെതിരെ കേസ്, യൂട്യൂബും ഫെയ്സ് ബുക്കും പ്രതികൾ

കൊച്ചി: റിലീസ് ചെയ്ത ഉടൻ ഓൺലൈൻ വ്ളോഗർമാർ സിനിമകളെ കുറിച്ച് ‘റിവ്യൂ ബോംബിങ് ‘ നടത്തി നശിപ്പിക്കുന്നു എന്നു ഹൈക്കോടതി നിരീക്ഷിച്ച് ദിവസങ്ങൾ മാത്രം കഴിയവെ അതേ വിഷയത്തിൽ പുതിയ പരാതി. ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനി നൽകിയ പരാതിയിൽ ഒൻപത് പേർക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസ് എടുത്തു. മോശം റിവ്യൂകൾ നൽകി സിനിമ പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് പരാതി.

സ്‌നേക്ക് പ്ലാന്റ് സിനിമ പ്രമോഷൻ കമ്പനി ഉടമയും സിനിമ പിആർഒയുമായ ഹെയിൻസ് ആണ് ഒന്നാം പ്രതി. യൂട്യൂബർമാരായ അശ്വന്ത് കോക്ക്, അരുൺ തരംഗ, ട്രാവലിങ് സോൾ മേറ്റ്‌സ് എന്നിവർ ഉൾപ്പെടെ ഒൻപത് പേർക്കെതിരെയാണ് കൊച്ചി സിറ്റി പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. യൂട്യൂബിനെയും ഫേസ്ബുക്കിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

റിലീസ് ചെയ്തയുടൻ പുതിയ സിനിമകളെക്കുറിച്ച് ഓൺലൈൻ വ്‌ളോഗർമാർ നടത്തുന്ന റിവ്യൂകൾക്കെതിരെ സംവിധായകൻ മുബീൻ റൗഫ് നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വൻപണം മുടക്കി നിർമിക്കുന്ന സിനിമകൾ തീയറ്ററിലെത്തുമ്പോൾ. വ്‌ളോഗർമാർ മോശം പ്രചാരണം നടത്തുന്നത് സിനിമയുടെ വിജയത്തെയടക്കം പ്രതികൂലമായി ബാധിക്കുന്നെന്നായിരുന്നു പരാതി. തുടർന്ന് വിഷയത്തിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെ നിയമിച്ചിരുന്നു.

വ്ളോഗേഴ്സ് എന്ന പേരിൽ സിനിമയെ ബോധപൂർവ്വം നശിപ്പിക്കാൻ ആരേയും അനുവദിക്കരുതെന്നായിരുന്നു ആ ഹർജിയിൽ ഹൈക്കോടതി വ്യക്തമാക്കിയത്. ബ്ലാക്മെയിലിങ്ങിനും ബോധപൂർവം സിനിമയെ നശിപ്പിക്കാനും റിവ്യൂ നടത്തുന്നവർക്കെതിരെ സംസ്ഥാന പോലിസ് മേധാവി നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാൽ വ്യക്തികൾ സിനിമ കണ്ട് അത് ഇഷ്ടപ്പെട്ടില്ലെന്നോ ഇഷ്ടപെട്ടെന്നോ തരത്തിലുള്ള നിരീക്ഷണങ്ങൾ നടത്തുന്നത് തടയാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

YouTube, Facebook among nine accused in Kerala’s cinema ‘review bombing’ case

More Stories from this section

family-dental
witywide