സിക്ക വൈറസ്: രോഗലക്ഷണമുള്ളവര്‍ ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രി, ഗര്‍ഭിണികള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

സിക്ക വൈറസിനെതിരെ പൊതു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തലശ്ശേരിയിലെ സിക്ക സ്ഥിതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. തലശ്ശേരി ജില്ലാ കോടതിയില്‍ സിക്ക രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. എട്ട് സിക്ക കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. പ്രദേശത്തുള്ള ഗര്‍ഭിണികളെ ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷിച്ചു വരുന്നുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് മൈക്രോസെഫാലി പോലുള്ള വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ രോഗമുള്ള പ്രദേശത്തെ ഗര്‍ഭിണികളെ പ്രത്യേകം നിരീക്ഷിക്കും. ഗര്‍ഭിണികള്‍ക്ക് മുമ്പ് സിക്ക രോഗലക്ഷണങ്ങള്‍ വന്നിട്ടുണ്ടോയെന്ന് റിപ്പോര്‍ട്ട് ചെയ്യണം. പനി ബാധിച്ച ഗര്‍ഭിണികളെ പ്രത്യേകം നിരീക്ഷിക്കണം. സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കും.

പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍, കണ്ണ് ചുവപ്പ് എന്നീ രോഗലക്ഷണങ്ങള്‍ ആര്‍ക്കു കണ്ടാലും ചികിത്സ തേടേണ്ടതാണ്. രോഗലക്ഷണങ്ങളെ അവഗണിക്കാതെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. രോഗികളില്‍ സിക്ക രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സിക്കയുണ്ടായ പ്രദേശത്ത് പനി കേസുകള്‍ കൂടുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. സിറോ സര്‍വയലന്‍സ് നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശവും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 30ന് ആദ്യ സിക്ക കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഒക്ടോബര്‍ 31ന് ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ ആര്‍ആര്‍ടി സംഘവും പ്രദേശം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു.

തുടര്‍ന്ന് സംഘം നവംബര്‍ 1, 2, 5 തീയതികളിലും സന്ദര്‍ശിച്ചു. നവംബര്‍ ഒന്നിന് ജില്ലാ കോടതിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അതില്‍ 55 പേര്‍ പങ്കെടുത്തു. 24 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. നവംബര്‍ രണ്ടിന് കണ്ണൂരില്‍ നിന്നും കോഴിക്കോട് നിന്നും വിദഗ്ധ മെഡിക്കല്‍ സംഘം സ്ഥലം സന്ദര്‍ശിച്ചു. സിക്ക വൈറസ് പരത്തുന്ന കൊതുകിന്റെ ഉറവിട നശീകരണത്തിനായി ഫോഗിംഗ്, സ്പ്രേയിംഗ് എന്നിവ നടത്തി. ഉറവിട നശീകരണത്തിന്റെ ഭാഗമായി ലാര്‍വ സര്‍വേ നടത്തി. ഈഡിസ് ലാര്‍വകളെയും കൊതുകുകളേയും ശേഖരിച്ച് സംസ്ഥാന എന്റമോളജി വിഭാഗത്തിലേക്ക് അയച്ചു.

കോടതിക്ക് പുറത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ 104 വീടുകള്‍ സന്ദര്‍ശിച്ചു. ഇതുകൂടാതെ നവംബര്‍ 5ന് ഫോഗിംഗ്, സോഴ്സ് റിഡക്ഷന്‍, എന്റോമോളജിക്കല്‍ സര്‍വേ എന്നിവ നടത്തി. ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ആശങ്കപ്പെടേണ്ട കാര്യമില്ല ജാഗ്രതയാണ് വേണ്ടത്. കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

More Stories from this section

family-dental
witywide