വയനാട് മാനന്തവാടിയില്‍ കണ്ണോത്ത് മലയിലുണ്ടായ ജീപ്പപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്ത് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും അനുവദിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 10,000 രൂപ വീതം കലക്ടര്‍ നേരത്തേ അനുവദിച്ചിരുന്നു. തോട്ടം തൊഴിലാളികളായിരുന്നു മരിച്ചവരെല്ലാം.
പണി കഴിഞ്ഞ് തൊഴിലാളികളുമായി വീടുകളിലേക്ക് പോയ ജീപ്പാണ് കൊടുംവളവില്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. പതിനാല് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വളവ് തിരിയുന്നതിനിടെ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. 30 മീറ്റര്‍ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. മരിച്ചവരെല്ലാം വയനാട് സ്വദേശികളാണ്. പരിക്കേറ്റവര്‍ക്ക് ചികിത്സയുള്‍പ്പെടെ കാര്യങ്ങള്‍ ഏകോപിപ്പിക്കാനും മറ്റു നടപടികള്‍ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.