കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പണം നഷ്ടപ്പെട്ടവര്‍ എന്തുചെയ്യണമെന്ന് മുഖ്യമന്ത്രി പറയണമെന്ന് ശോഭാ സുരേന്ദ്രന്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവര്‍ എന്തുചെയ്യണമെന്ന് മുഖ്യമന്ത്രി പറയണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഒരു ചില്ലിക്കാശ് പോലും നഷ്ടപ്പെടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്, എന്നാല്‍ അസുഖം വന്നാല്‍ പോലും പണം തിരികെ കിട്ടാത്ത അവസ്ഥയാണ് കരുവന്നൂരില്‍ ഉള്ളത്. പണം നഷ്ടപ്പെട്ടുപോയ സഹകാരികളുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം തൃശ്ശൂരിലെ സിപിഎം നേതാക്കള്‍ക്കാണെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.

കരുവന്നൂരില്‍ നിന്ന് തട്ടിയ പണം വിദേശത്തേക്ക് പോലും കടത്തി. പി സതീഷ് കുമാര്‍ പണം നിക്ഷേപിച്ചത് വിദേശത്താണ്. പിന്നെ മുഖ്യമന്ത്രി എവിടെ നിന്ന് പണമെടുത്ത് സഹകാരികള്‍ക്ക് കൊടുക്കുമെന്നുും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. അടിയന്തരമായി പണം നഷ്ടപ്പെട്ടവര്‍ക്ക് പണം വിതരണം ചെയ്യാന്‍ സഹകരണ വകുപ്പ് തയ്യാറാകണം. സഹകരണ വകുപ്പ് സിപിഐഎമ്മിന്റെ കയ്യില്‍ നിന്ന് മാറ്റാന്‍ ഘടകകക്ഷികള്‍ തയ്യാറാകണമെന്നും ശോഭ ആവശ്യപ്പെട്ടു.

സഹകരണ മന്ത്രി വി എന്‍ വാസവന്‍ വെറും പാര്‍ട്ടി നേതാവായി മാത്രം പെരുമാറുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. അന്യായത്തിന് കൂട്ടുനില്‍ക്കുന്ന നിലപാടാണ് പാര്‍ട്ടിക്കും സര്‍ക്കാരിനുമെന്നും ശോഭ കുറ്റപ്പെടുത്തി. ഊരാളുങ്കല്‍ സൊസൈറ്റി ആരുടേതാണെന്ന് മുഖ്യമന്ത്രി പറയണമെന്നും എത്ര ഷെയര്‍ ആണ് സര്‍ക്കാരിന്റെ കയ്യിലുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

More Stories from this section

family-dental
witywide