കേരളത്തില്‍ എല്ലാ കാര്യവും തീരുമാനിക്കുന്നത് പിണറായി വിജയനും മരുമകന്‍ മന്ത്രിയുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
മച്ചി പശുക്കളെ തൊഴുത്ത് മാറ്റിക്കെട്ടുന്ന പോലെയാണ് സംസ്ഥാന മന്ത്രിസഭാ പുനസംഘടനയെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു. ഈ മന്ത്രിസഭ പുനസംഘടന കൊണ്ട് ജനങ്ങള്‍ക്ക് ഒരു ഉപകാരവുമില്ലെന്നും കേരളത്തില്‍ മന്ത്രിസഭയെന്നൊന്നില്ല. എല്ലാം തീരുമാനിക്കുന്നത് പിണറായി വിജയനാണ്. മറ്റ് മന്ത്രിമാര്‍ക്ക് ഒരു റോളുമില്ലെന്നുും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.
സമ്പൂര്‍ണമായ ഭരണസ്തംഭനമാണ് സംസ്ഥാനത്തുള്ളത്. പിണറായിയുടെ ഭരണത്തില്‍ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. സിഎജി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ മുഖംമൂടി വലിച്ചുകീറി. നാഥനില്ലാ കളരിയായി സംസ്ഥാന ആഭ്യന്തരവകുപ്പ് മാറിയെന്നും തൃശ്ശൂരില്‍ ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കവെ കെ.സുരേന്ദ്രന്‍ പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റെ സഹായമില്ലെങ്കില്‍ സംസ്ഥാനത്ത് ദൈനംദിന ചിലവ് പോലും നടക്കില്ലെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
മാരകരോഗങ്ങള്‍ തിരിച്ച് വരുന്നത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടാണെന്നും ആരോഗ്യവകുപ്പ് വേണ്ടത്രെ മുന്‍കരുതലുകള്‍ എടുക്കാത്തതാണ് നിപ വീണ്ടും പടര്‍ന്ന് പിടിക്കാന്‍ കാരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ സോളാറിന്റെ പിന്നാലെ പോവുകയാണ് ഭരണ-പ്രതിപക്ഷങ്ങള്‍. ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് സോളാര്‍ കേസ്. ഭരണപക്ഷത്തിന്റെ അഴിമതിയെ പിന്തുണയ്ക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും കെ സുരേന്ദ്രന്‍ തൃശ്ശൂരില്‍ പറഞ്ഞു.