ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; കേണലും മേജറും ഉൾപ്പെടെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രാജ്യത്തിൻറെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. കരസേനയിലെ കേണലും മേജറും ജമ്മുകശ്മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടുമാണ് അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലില്‍ വെടിയേറ്റ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

അനന്ത്‌നാഗ് ജില്ലയിലെ കോക്കര്‍നാഗിലാണ് ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഇന്നലെ വൈകുന്നേരം ഗഡോള്‍ മേഖലയില്‍ ഭീകരര്‍ക്കായി ഓപ്പറേഷന്‍ ആരംഭിച്ചെങ്കിലും രാത്രിയോടെ തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭീകരർക്കായി വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.

ലഷ്‌കര്‍-ഇ-തൊയ്ബയുടെ നിഴല്‍ ഗ്രൂപ്പെന്ന് വിളിക്കപ്പെടുന്ന നിരോധിത സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അതേസമയം, ജമ്മു കശ്മീരിലെ രജൗരിയിലെ നര്‍ല മേഖലയില്‍ ഇന്ന് നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു.