ജന്മനാ ഭിന്നശേഷിയുള്ള ജ്യോതിയുടെയും സഹോദരി ഗിരിജയുടെയും ജീവിത ദുരിതത്തെക്കുറിച്ച് അറിഞ്ഞാണ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അവരെ കാണാനെത്തിയത്. പത്തനംതിട്ട സ്വദേശിയായ ജ്യോതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാനുള്ള നടപടികള്‍ കലക്ടര്‍ കൈകൊണ്ടു. പുതിയ റേഷന്‍ കാര്‍ഡും തല്‍സമയം എന്‍ട്രോള്‍ ചെയ്ത് ആധാര്‍ കാര്‍ഡും ഉള്‍പ്പെടെ ജ്യോതിയ്ക്ക് ആവശ്യമായ അവകാശ രേഖകളെല്ലാം കയ്യില്‍ കരുതി കൊണ്ടായിരുന്നു ദിവ്യ എസ്. അയ്യര്‍ ഇവരെ കാണാന്‍ വീട്ടിലെത്തിയത്. കലക്ടര്‍ സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ചപ്പോള്‍ ജ്യോതിക്ക് ഇഷ്ടപ്പെട്ടത് കലക്ടറുടെ കയ്യിലെ കുപ്പിവളയായിരുന്നു. ഉടന്‍ തന്നെ ദിവ്യ എസ് അയ്യര്‍ വളകളൂരി ജ്യോതിക്ക് നല്‍ക്. ഒപ്പം കയ്യില്‍ കരുതിയ പുത്തന്‍ വസ്ത്രവും നല്‍കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കലക്ടര്‍ ജ്യോതിയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
തരുമോ വളയൊരു ജോഡി?
കാല്‍വിരലുണ്ണും കുഞ്ഞിന്‍
കൈക്കിടുവിക്കാനാണേ
പൊന്നും രത്നക്കല്ലും
തന്നീടണമെന്നില്ല
കുപ്പിവളയ്ക്കും മോഹം
റബ്ബര്‍വളയ്ക്കും മോഹം
വള തരുമോ: അക്കിത്തം
സെപ്റ്റംബര്‍ 7 നു ആണ് സ്വവ്യഥകള്‍ക്കു നിവൃത്തി തേടിയല്ലാതെ ഒരു സഹവാസിയുടെ ശോചനീയാവസ്ഥയെക്കുറിച്ചു പറയുവാന്‍ ശ്രീ.ബാബു വര്‍ഗീസ് എന്ന വ്യക്തി കളക്ടര്‍ക്ക് ഒരു നിവേദനവുമായി എന്റെ മുന്നില്‍ എത്തിയത്. അന്നു അദ്ദേഹം വരച്ചു കാട്ടിയ ചിത്രത്തിലൂടെയാണ് ജ്യോതി എന്ന പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. ജന്മനാ ഭിന്നശേഷിയുള്ള ഇവളുടെ താങ്ങും തണലും സഹോദരി ഗിരിജയാണ്. ഭര്‍ത്താവും സഹോദരനും ഉപേക്ഷിച്ചു പോയെങ്കിലും അനിയത്തിക്കുട്ടിയെ സ്വന്തം ശേഷിക്കൊത്തു പോന്നു പോലെ നോക്കുന്നുണ്ട്. തൊഴിലുറപ്പിനു പോകുമ്പോള്‍ ജ്യോതിക്ക് രണ്ടു വളര്‍ത്തുനായ്ക്കളെ മുറിയില്‍ കൂട്ടിനാക്കിയിട്ടാണ് പോവുക.
പരസഹായം കൂടാതെ ദിനചര്യ പൂര്‍ത്തീകരിക്കാന്‍ കഴിയില്ല എങ്കിലും പരമാനന്ദം ആയിരുന്നു അവള്‍ക്കു വളകിലുക്കം കേട്ടപ്പോള്‍. എന്റെ കൈയ്യിലെ കുപ്പിവള കണ്ടവള്‍ ആനന്ദിച്ചു, അവ ഊരി കൊടുത്തപ്പോള്‍ നിറമുള്ള മാലയും വേണം എന്നായി. മുത്തുമാല കരുതിയിരുന്നില്ല ഞാന്‍, എങ്കിലും നിറമാര്‍ന്ന വസ്ത്രങ്ങള്‍ സമ്മാനിച്ചപ്പോള്‍ അവള്‍ വീണ്ടും പൊട്ടിചിരിച്ചു, കെട്ടിപിടിച്ചു. തുടര്‍ന്ന് ജ്യോതിക്ക് അവകാശരേഖകള്‍ ഒന്നൊന്നായി നല്‍കുകയുണ്ടായി. ജില്ലാ കളക്ടറിന്റെ അധ്യക്ഷതയില്‍ നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക തല സമിതിയുടെ ഗൃഹസന്ദര്‍ശനവും, ഭിന്നശേഷി വിലയിരുത്തലും ഇതിനോടകം നടത്തിക്കഴിഞ്ഞു.
തുടര്‍ന്നു നിയമപരമായി രക്ഷാകര്‍തൃത്വം നല്‍കും. ഇന്ന് ജ്യോതിക്ക് പുതിയ റേഷന്‍ കാര്‍ഡും തത്സമയം എന്റോള്‍ ചെയ്ത് ആധാര്‍ കാര്‍ഡും കൈമാറി. സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുവാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വളകിലുക്കം പോല്‍ ലളിതസുഭഗങ്ങള്‍ കൊണ്ടു നിര്‍ഭരമാകട്ടെ ജ്യോതിയുടെയും കുടുംബത്തിന്റെയും ഭാവി ജീവിതം എന്ന് ആഗ്രഹിക്കുന്നു.