പന്നിയുടെ വൃക്ക മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിച്ചത് രണ്ട് മാസം; ട്രാന്‍സ്പ്ലാന്റ് പരീക്ഷണം പ്രതീക്ഷയുണര്‍ത്തുന്നു

മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയില്‍ പന്നിയുടെ വൃക്ക തുന്നിച്ചേര്‍ത്ത് നടത്തിയ പരീക്ഷണം വിജയകരം. മില്ലര്‍ എന്ന വ്യക്തിയുടെ ശരീരത്തിലാണ് പന്നിയുടെ വൃക്ക പിടിപ്പിച്ചത് ഈ വൃക്ക രണ്ട് മാസത്തോളം കുഴപ്പങ്ങളൊന്നും കൂടാതെ മില്ലറുടെ ശരീരത്തില്‍ പ്രവര്‍ത്തിച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മനുഷ്യനുള്ളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവാണിത്. NYU ലാങ്കോണ്‍ ഹെല്‍ത്തിലെ ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. റോബര്‍ട്ട് മോണ്ട്ഗോമറിയുടെ നേതൃത്വത്തിലാണ് ട്രാന്‍സ്പ്ലാന്റ് പരീക്ഷണം നടത്തിയത്.

പന്നിയുടെ വൃക്ക എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നിരീക്ഷിക്കാന്‍ മസ്തിഷ്‌ക മരണം സംഭവിച്ച മില്ലറിന്റെ ശരീരം രണ്ട് മാസത്തോളം വെന്റിലേറ്ററില്‍ സൂക്ഷിച്ചായിരുന്നു പരീക്ഷണം. പരീക്ഷണം വിജയകരമാണെന്ന് കണ്ടതോടെ പന്നിയുടെ വൃക്ക നീക്കം ചെയ്യുകയും മില്ലറുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി കുടുംബത്തിന് തിരികെ നല്‍കുകയും ചെയ്തു.

ജൂലൈ 14നാണ് ശസ്ത്രക്രിയാ വിദഗ്ധര്‍ മില്ലറുടെ സ്വന്തം വൃക്കകള്‍ക്ക് പകരം ഒരു പന്നിയുടെ വൃക്കയും മൃഗങ്ങളുടെ തൈമസ് എന്ന ഗ്രന്ഥിയും വെച്ചത്. പരീക്ഷണം വിജയകരമായതോടെ മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യരിലേക്ക് മാറ്റിവയ്ക്കല്‍, സീനോട്രാന്‍സ്പ്ലാന്റേഷന്റെ ഭാവിയെക്കുറിച്ച് ഈ പരീക്ഷണം പ്രതീക്ഷ ഉയര്‍ത്തുകയാണ്. നിലവില്‍ അമേരിക്കയില്‍ 1,00,000-ത്തിലധികം ആളുകള്‍ നിലവില്‍ അവയവങ്ങള്‍ക്കായുള്ള വെയിറ്റിംഗ് ലിസ്റ്റിലാണ്. അവരില്‍ ഭൂരിഭാഗത്തിനും വൃക്ക ആവശ്യമാണ്.