വികസനത്തെ കുറിച്ച് വലിയ ചര്‍ച്ചകളാണല്ലോ ഇന്ത്യയില്‍ നടക്കുന്നത്. ആ ഇന്ത്യയില്‍ ഇന്നലെ കണ്ട കാഴ്ച ഹൃദയത്തെ കൂറി മുറിച്ചു എന്നു തന്നെ പറയാം.
ബലാല്‍സംഗത്തിന് ഇരയായി, അര്‍ദ്ധ നഗ്നയായി, ചോരയൊലിപ്പിച്ച് മധ്യപ്രദേശിലെ ഉജ്ജയിനിയിലെ തെരുവിലൂടെ നടന്ന പെണ്‍കുട്ടി.
12 വയസ്സുകാരിയായ ആ പെണ്‍കുട്ടി പലരോടും യാജിച്ചു. സഹായിക്കണം, ആശുപത്രിയിലേക്ക് കൊണ്ടുപോകണം. പൊലീസിനെ വിളിക്കണം എന്നൊക്കെ ആരും അനങ്ങിയില്ല. സഹായിക്കുന്നതിന് പകരം പലരും ആ കുട്ടിയെ ആട്ടിയോടിച്ചു. ആ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി മറ്റൊരാള്‍ ആസ്വദിച്ചു. രണ്ടര മണിക്കൂര്‍ സമയം ഇന്ത്യയുടെ ഹൃദയത്തിലൂടെ ചോരയൊലിപ്പിച്ച് ഒരു പെണ്‍കുട്ടി.
മധ്യപ്രദേശും രാജസ്ഥാനുമൊക്കെ തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. സ്വാഭാവികമായും ഇങ്ങനെയാരു സംഭവം ഉണ്ടായാല്‍ ശക്തമായ പ്രതികരണവുമായി രാഷ്ട്രീയ പാര്‍ടികള്‍ രംഗത്തുവരേണ്ടതാണ്. പ്രത്യേകിട്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനം ആയതുകൊണ്ട് കോണ്‍ഗ്രസ് പ്രതിഷേധവുമായി വരേണ്ടതായിരുന്നു. പക്ഷെ, കോണ്‍ഗ്രസിന്റെ വലിയ നേതാക്കളൊന്നും ഒന്നും പറഞ്ഞില്ല. അതിന് കാരണം ഉണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ഇതേ ദിവസം ആറ് വയസ്സുള്ള ഒരു പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി. കാര്യങ്ങള്‍ സമാസമമായി. കോണ്‍ഗ്രസ് മധ്യപ്രദേശ് ഉയര്‍ത്തിയാല്‍, ബിജെപി രാജസ്ഥാന്‍ ഉയര്‍ത്തും. അപ്പോള്‍ നല്ലത് ഒന്നും മിണ്ടാതിരിക്കുക. രണ്ട് പാര്‍ടികളും മിണ്ടാതിരുന്നു. എല്ലാവര്‍ക്കും നല്ല നമസ്കാരം. ഈ രണ്ട് വമ്പന്മാരോടും ഒന്നും പറയാനില്ല.
ഇന്ത്യയുടെ ശാസ്ത്ര സ്വപ്നങ്ങള്‍ ചന്ദ്രനെ തൊട്ട കാലം പ്രതീക്ഷ നല്‍കുന്നതാണ്. ലോക നേതാക്കളെ ഇന്ത്യയില്‍ എത്തിച്ച് ചര്‍ച്ചകള്‍ക്ക് നരേന്ദ്ര മോദി നേതൃത്വം നല്‍കുന്നതും ഗംഭീരമാണ്. അഞ്ച് ട്രില്ല്യണ്‍ സാമ്പത്തിക ശേഷിയും സ്വപ്നം കണ്ടോളു. പക്ഷെ, ഈ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുക കൂടി ചെയ്യുക. മുഖം നോക്കാതെയുള്ള ശക്തമായ നടപടി ഈ കേസില്‍ ഉണ്ടാകണം. ഇനിയൊരു പെണ്‍കുട്ടിക്കും ഇതുപോലുള്ള ഗതി ഉണ്ടാകാതിരിക്കാന്‍ പരമാവധി ശിക്ഷ തന്നെ നല്‍കണം.
–ചീഫ് എഡിറ്റര്‍
Strong action should be taken against those who attacked the girl in Madhya Pradesh