മന്ത്രവാദിയായ കാമുകനൊപ്പം ജീവിക്കാനായി കൊട്ടാരം വിട്ടിറങ്ങി വന്ന രാജകുമാരിയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നോര്‍വീജിയന്‍ രാജകുമാരിയായ മാര്‍ത്ത ലൂയിസാണ് മന്ത്രവാദിയും സ്വയംപ്രഖ്യാപിത വൈദ്യനുമായ ഡ്യൂറെക് വെററ്റിനെ വിവാഹം കഴിക്കാനായി രാജകൊട്ടാരവും പദവിയും ഉപേക്ഷിച്ചിറങ്ങി വന്നത്. 51-കാരിയായ മാര്‍ത്ത അമേരിക്കക്കാരനായ ഡ്യൂറെകിനൊപ്പം ജീവിക്കാനായി 2022 നവംബര്‍ എട്ടിനാണ് കൊട്ടാരം വിട്ടിറങ്ങിയത്.
ഡ്യൂറെകിനൊപ്പമുള്ള ചിത്രം മാര്‍ത്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്ത വര്‍ഷം ഓഗസ്റ്റ് 31-നായിരിക്കും തങ്ങളുടെ വിവാഹമെന്ന വിവരവും മാര്‍ത്ത പങ്കുവെച്ചിട്ടുണ്ട്. ജൂണില്‍ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. മാര്‍ത്ത ഔദ്യോഗിക പദവികള്‍ ഉപേക്ഷിച്ച വിവരം രാജകുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്. രാജപദവിയോ രാജകുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളോ സോഷ്യല്‍ മീഡിയയില്‍ ഒന്നിനുവേണ്ടിയും മാര്‍ത്ത ഉപയോഗിക്കില്ലെന്നും കൊട്ടാരം വ്യക്തമാക്കി.
ഹെറാള്‍ഡ് രാജാവിന്റേയും സോന്‍ജ രാജ്ഞിയുടേയും മൂത്ത പുത്രിയാണ് മാര്‍ത്ത. മന്ത്രവാദിയും സ്വയംപ്രഖ്യാപിത വൈദ്യനുമായ ഡ്യൂറെക് വെററ്റുമായുള്ള പ്രണയം പുറത്തറിഞ്ഞതോടെ കൊട്ടാരത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും ഇതേത്തുടര്‍ന്ന് രാജ്യത്തേയും മുന്‍ ഭര്‍ത്താവിനേയും ഉപേക്ഷിച്ച് മാര്‍ത്ത അമേരിക്കയിലെത്തുകയുമായിരുന്നു.