മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ്: വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി ആറുമാസത്തേക്ക് സ്റ്റേ ചെയ്തു. എറണാകുളത്തെ വീട്ടില്‍ അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചത് സംബന്ധിച്ച് 2011-ല്‍ ആദായനികതി വകുപ്പാണ് മോഹന്‍ലാലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് പിന്നീട് വനം വകുപ്പിന് കൈമാറുകയായിരുന്നു. വിചാരണയ്ക്കായി മോഹന്‍ലാലിനോട് അടുത്തമാസം കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു.

നംബര്‍ മൂന്നിന് നേരിട്ട് ഹാജരാകണമെന്നായിരുന്നു കഴിഞ്ഞമാസം പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചത്. ഇതിലുള്ള തുടര്‍നടപടികളാണ് ഹൈക്കോടതി ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തുകയായിരുന്നു. ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി കഴിഞ്ഞവര്‍ഷം പെരുമ്പാവൂര്‍ കോടതിയില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം മജിസ്ട്രേറ്റ് കോടതി തള്ളിയത്.

More Stories from this section

family-dental
witywide