കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് തിരുവനന്തപുരത്ത് എത്തി. പുലര്‍ച്ചെ 4.30 ന് ആണ് ട്രെയിന്‍ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ട്രയല്‍ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാമത്തെ വന്ദേ ഭാരതിന്റെ ഉദ്ഘാടന സര്‍വ്വീസ്. രാവിലെ ഏഴുമണിക്ക് കാസര്‍കോടുനിന്ന് യാത്രയാരംഭിക്കുന്ന ട്രെയിന്‍ വൈകീട്ട് 3.05-ന് തിരുവനന്തപുരത്തെത്തും. വൈകീട്ട് 4.05-നാണ് മടക്കയാത്ര. രാത്രി 11.55-ന് കാസര്‍കോട് യാത്ര അവസാനിപ്പിക്കും.
ആഴ്ചയില്‍ ആറ് ദിവസം ആണ് സര്‍വീസ്. തിരുവനന്തപുരത്തിനും കാസര്‍കോടിനും പുറമെ കൊല്ലം, ആലപ്പുഴ, എറണാകുളം സൗത്ത്, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകും എന്നാണ് നിലവിലെ അറിയിപ്പ്. നേരത്തെ അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് കോട്ടയം വഴിയാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍, പുതുതായി അനുവദിച്ച ട്രെയിന്‍ ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുക. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം ലഭ്യതക്കുറവുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ കൊച്ചുവേളി വരെയായിരിക്കും സര്‍വീസ്.
വെള്ളയും നീലയും നിറത്തിലുള്ള രണ്ട് ട്രെയിനുകള്‍ കൂടി ബ്രിഡ്ജില്‍ തയ്യാറായിരുന്നുവെങ്കിലും ഡീസൈന്‍ മാറ്റം വരുത്തിയ പുതിയ നിറത്തിലുള്ള വന്ദേ ഭാരത് ആണ് കേരളത്തിന് അനുവദിച്ചത്. ആകെ എട്ട് കോച്ചുകളാണ്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിവിധ റൂട്ടുകളിലായി 9 വന്ദേ ഭാരത് സര്‍വീസുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്യും. ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്ര സര്‍വീസ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തുടങ്ങുമെന്നാണ് സൂചന.