സംസ്ഥാനത്തിന്റെ നികുതി പിരിവ് കാര്യക്ഷമല്ലെന്ന് വിമർശിച്ച സിഎജി റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ചു ധനമന്ത്രി കെഎൻ ബാലഗോപാൽ. സിഎജി റിപ്പോർട്ടിൽ പറയുന്ന കേരളത്തിന്റെ നികുതി കുടിശിക സംസ്ഥാനം ഉണ്ടായ കാലം മുതലുള്ളതാണെന്ന് മന്ത്രി പറഞ്ഞു. അതോടൊപ്പം നികുതി കുടിശികയിൽ 420 കോടി രൂപ പിരിച്ചെടുക്കാൻ സർക്കാരിന് സാധിച്ചത് ചരിത്ര നേട്ടമാണെന്നും അദ്ദേഹം പ്രതികരിച്ചു.
2020-21 ൽ നിന്നും 2021 – 22 ൽ 6400 കോടി രൂപ നികുതി കുടിശ്ശിക കൂടിയെന്നാണ് സിഎജി റിപ്പോർട്ട് പറയുന്നത്. എന്നാൽ ഇതിന് കാരണം പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പാ സഹായം പുതിയ ഇനമാക്കി ചേർത്തതാണെന്ന് അദ്ദേഹം വിശദീകരിച്ചു. 1970 മുതലുള്ള കണക്കനുസരിച്ചു 5980 കോടി രൂപയോളം കുടിശിക വരുമെന്നും ധനമന്ത്രി പറഞ്ഞു. ക്ഷേമ പെൻഷൻ പട്ടിക അനർഹരെ ഒഴിവാക്കി പരിഷ്കരിച്ച് വരികയാണെന്നും ധനമന്ത്രി വ്യക്തമാക്കി.
അനർഹർക്ക് സാമൂഹിക സുരക്ഷാ പെൻഷൻ നൽകിയതിനെ സംബന്ധിച്ചും നികുതി ചുമത്തിയതിലെ പിഴവുകൾ സംബന്ധിച്ചും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് സിഎജി റിപ്പോർട്ട് ഉയർത്തിയത്. സാമൂഹിക സുരക്ഷാ പെൻഷൻ അനർഹർക്കും നൽകിയെന്നും അപേക്ഷ സമർപ്പിക്കാത്തവർക്ക് പോലും പെൻഷൻ ലഭിച്ചെന്നും നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. വിധവ പെൻഷൻ അർഹതയില്ലാത്ത പലർക്കും കിട്ടിയെന്നും. മരിച്ച 4039 പേർക്ക് ക്ഷേമ പെൻഷൻ ലഭിച്ചെന്നും റിപ്പോർട്ട് പറയുന്നു.
നികുതി ചുമത്തലിലും ഈടാക്കലിലും പിഴവുകൾ ഉണ്ടായതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആര്‍ടിഒ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 72.98 കോടി രൂപയുടെ നികുതി ചുമത്താതെ പോയി എന്നും റിപ്പോർട്ടിൽ പറയുന്നു.
താഴെത്തട്ടിലെ അലംഭാവ൦ മൂലം സംസ്ഥാനത്ത് നികുതി പിരിവ് കാര്യക്ഷമമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ 38,270 ട്രാൻസ്പോർട്ട് വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്. ബഡ്ജറ്റിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വകയിരുത്തിയ തുക ഫലപ്രദമായി വിനിയോഗിക്കാനായില്ലെന്നും റിപ്പോർട്ട് പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നികുതി പിരിച്ചെടുക്കാൻ ഉള്ളത് ജിഎസ്ടി വകുപ്പിൽ നിന്നാണ്, ജിഎസ്ടി വകുപ്പിൽ ആഭ്യന്തര ഓഡിറ്റ് സംവിധാനമില്ല. പരിശോധന സംവിധാനത്തിലും പിഴവുണ്ടായി. മദ്യ ലൈസൻസുകൾ അനധികൃത കൈമാറ്റം നടത്തിയത് മൂലം 2.17 കോടി രൂപ നഷ്ടം വരുത്തി. ബ്രഹ്മപുരം മാലിന്യ സംസ്കാരണ പ്ലാന്റിനെതിരെയും സിഎജി റിപ്പോർട്ടിൽ വിമർശനമുണ്ട്. മലിന ജലം പുറത്തേക്ക് പോകുന്ന സംവിധാനം പ്രവർത്തിച്ചില്ലെന്നും മാലിന്യം ശരിയായ രീതിയിൽ തരം തിരിക്കുന്നില്ലെന്നുമാണ് വിമര്‍ശനം. പിരിച്ചെടുക്കാനുള്ള വരുമാന കുടിശ്ശിക 28258 കോടി രൂപയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.