സൈബര്‍ ആക്രമണത്തിന് ഇരയായി ലാസ് വെഗാസിലെ വമ്പന്‍ കാസിനോകള്‍; എഫ് ബി ഐ അന്വേഷണം ആരംഭിച്ചു

ലാസ് വെഗാസിലെ വമ്പന്‍ കാസിനോകള്‍ സൈബര്‍ ആക്രമണത്തിന് ഇരയായി. ഫോണില്‍ വിളിച്ച ഒരു ഹാക്കര്‍ ഗ്രൂപ് ഡാറ്റ തിരിച്ചു കൊടുക്കാന്‍ $30 മില്യണ്‍ ചോദിച്ചതായാണ് വിവരം. എഫ് ബി ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ മറികടന്നാണ് ഈ ആക്രമണങ്ങള്‍ നടന്നിട്ടുള്ളത്. ഒരു സംവിധാനവും പൂര്‍ണമല്ലെന്നു വിദഗ്ധര്‍ പറയുന്നു. ചില ലാസ് വെഗാസ് ചൂതാട്ട കേന്ദ്രങ്ങളില്‍ ആളൊഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

എം ജി എം റിസോര്‍ട്‌സ് ഇന്റര്‍നാഷനലിന്റെ അംഗങ്ങളാണ് ആക്രമണം നടന്നതായി ആദ്യം തിരിച്ചറിഞ്ഞത്. ഞായറാഴ്ചയാണ് ആക്രമണം ആരംഭിച്ചതെന്നു എം ജി എം പറഞ്ഞു. ലോകത്തെ തന്നെ ഏറ്റവും വലിയ കാസിനോ ഉടമ സീസേഴ്‌സ് എന്റര്‍ടൈന്‍മെന്റും ആക്രമണം സ്ഥിരീകരിച്ചു. ലാസ് വെഗാസിലെയും മറ്റു സംസ്ഥാനങ്ങളിലെയും കാസിനോ ഫ്‌ലോറുകളില്‍ റിസര്‍വേഷന്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. ആറു ദിവസം കഴിഞ്ഞിട്ടും വെള്ളിയാഴ്ചയും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ബുക്കിംഗ് നടക്കുന്നില്ലെന്നു എംജിഎം റിസോര്‍ട്‌സ് പറഞ്ഞു. ക്യാന്‍സല്‍ ചെയ്യാന്‍ പിഴ ഈടാക്കുന്നില്ല. സീസേഴ്‌സ് എന്റര്‍ടൈന്‍മെന്റ് ആക്രമണം സ്ഥിരീകരിച്ചത് വ്യാഴാഴ്ചയാണ്. കാസിനോയിലും ഹോട്ടലുകളിലും കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ എം ജി എമ്മിനു സംഭവിച്ച പോലെ കസ്റ്റമേഴ്‌സിന്റെ വിവരങ്ങള്‍ ചോര്‍ന്നുവോ എന്നു വ്യക്തമായിട്ടില്ല.