ഫ്‌ളോറിഡ: ഫ്ളോറിഡയില്‍ കാണാതായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഒരു പോലീസ് നായയാണ്. 11 വയസുകാരിയെ പാര്‍ക്കിലെ ശുചിമുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി.
ഹില്‍സ്ബറോ കൗണ്ടി ഷെരീഫിന്റെ ഓഫീസില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഒരു പെണ്‍കുട്ടിയെ കാണാതായതായി പരാതി ലഭിച്ചു. പെണ്‍കുട്ടിയെ തിരയാന്‍ പൊലീസ് ഉദ്യോഗസ്ഥയായ സാറാ ഏണസ്റ്റസിനൊപ്പം മേരി ലു എന്ന പോലീസ് നായയെ കൂടി ഉള്‍പ്പെടുത്തിയിരുന്നു.
കാള്‍ട്ടണ്‍ ലേക്ക് ഡ്രൈവിലെ 16000 ബ്ലോക്കിലെ പാര്‍ക്കിലെ ഒരു പൊതു കുളിമുറിയിലേക്ക് ഡെപ്യൂട്ടി ഏണസ്റ്റസിനെ മേരി ലു നയിച്ച ശേഷം പൂട്ടിയിട്ടിരിക്കുന്ന ശുചിമുറിനോക്കി വാലാട്ടി. അതൊരു സൂചനയായിരുന്നു. ഉള്ളില്‍ ആരോ ഉണ്ടെന്നതിന്റെ സൂചന.
ഏണസ്റ്റസും മറ്റൊരു ഉദ്യോഗസ്ഥനും പൂട്ടിയ കുളിമുറിയുടെ അടുത്തെത്തി. അകത്തുള്ളത് ഒരു കുട്ടിയാണെന്ന് ഉറപ്പിക്കുകയും സുരക്ഷിതമായി പുറത്തെത്താന്‍ കുട്ടിയെ ആശ്വസിപ്പിക്കുകയും ചെയ്തു. ഒടുവില്‍ വാതില്‍ത്തുറന്ന് അവര്‍ യാതൊരു പരിക്കുകളും കൂടാതെ കുട്ടിയെ രക്ഷപെടുത്തി.
തന്നെ രക്ഷിച്ച നായയ്ക്ക് ഒരു ചുംബനം കൂടി നല്‍കിയാണ് പെണ്‍കുട്ടി മേരി ലുവിന് നന്ദി അറിയിച്ചത്. ഉദ്യോഗസ്ഥര്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളില്‍ എല്ലാം വ്യക്തമായിരുന്നു.