മാനന്തവാടി: ഇന്നലെ കര്‍ഷകന്റെ ജീവനെടുത്ത ആളെക്കൊല്ലി ആനയെ പിടികൂടുന്ന ദൗത്യം വൈകാതെ തുടങ്ങും. ബേലൂര്‍ മാഖ്‌ന എന്ന ആന ഇപ്പോള്‍ ചാലിഗദ്ധ ഭാഗത്താണ് നില ഉറപ്പിച്ചിരിക്കുന്നത്. ആനയെ ആര്‍.ആര്‍.ടി അകലമിട്ടു നിരീക്ഷിച്ചുവരികയാണ്.
കുന്നില്‍ മുകളില്‍ ഉള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാനാണ് ദൗത്യ സംഘത്തിന്റെ ആദ്യ ശ്രമം. രണ്ടു കുങ്കിയാനകള്‍ ഇതിനോടകം എത്തിയിട്ടുണ്ട്. രണ്ടുപേരെ കൂടി വൈകാതെ എത്തിക്കും. ആനയുടെ ആരോഗ്യ സ്ഥിതി കൂടി ഉറപ്പിച്ച ശേഷമേ മയക്കുവെടി വയ്ക്കൂ. മയക്കുവെടി വെച്ചാല്‍ മുത്തങ്ങയിലെ ക്യാമ്പിലേക്കാകും ആനയെ ആദ്യം മാറ്റുക. വിശദമായ ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കിയാകും വനംവകുപ്പ് തുടര്‍ നടപടി സ്വീകരിക്കുക. അതേസമയം, കൂടുതല്‍ വെറ്റിനറി ഡോക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി ദൗത്യ സംഘം വിപുലമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മാനന്തവാടി ജനവാസ കേന്ദ്രത്തിലിറങ്ങിയ തണ്ണീര്‍ക്കൊമ്പനെന്ന ആനയെ 17 മണിക്കൂറിലേറെ നീണ്ട ദൗത്യത്തിനൊടുവില്‍ മയക്കുവെടിവെച്ച് പിടികൂടി ബന്ദിപ്പൂരിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായ ആന ചരിയുകയും ചെയ്തിരുന്നു. ഇതിനെതിരെ മേനകാ ഗാന്ധി അടക്കം നിരവധി പേര്‍ കേരളത്തിന്റെ വനം വകുപ്പിനെതിരെ രംഗത്തെത്തിയിരുന്നു. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ച് ജാഗ്രതയോടെയാണ് ഇന്നത്തെ ദൗത്യം നടത്തുന്നത്.
നോര്‍ത്തണ്‍ സി.സി.എഫ് മാനന്തവാടിയില്‍ ക്യാമ്പ് ചെയ്താണ് എല്ലാം ഏകോപിപ്പിക്കുന്നത്. ഡോ. അജേഷ് മോഹന്‍ദാസ് ആണ് വെറ്റിനറി ടീമിനെ നയിക്കുക.
കഴിഞ്ഞ നവംബറില്‍ കര്‍ണാടകയിലെ വന മേഖലയായ ഹാസനയിലെ വന മേഖലയില്‍ നിന്നും പിടികൂടിയ കുഴപ്പക്കാരനായ ആനയായിരുന്നു ബേലൂര്‍ മാഖ്‌ന. ജനവാസ കേന്ദ്രങ്ങളിലിറങ്ങി അക്രമം കാട്ടിയ ഈ ആനയെ വനംവകുപ്പ് റേഡിയോ കോളറും ധരിപ്പിച്ചിരുന്നു. ഇതാണ് ഇന്നലെ അജീഷെന്ന കര്‍ഷകനെ പിന്തുടര്‍ന്ന് എത്തി കൊലപ്പെടുത്തിയത്.