ന്യൂഡല്‍ഹി: ഇന്ത്യക്കാരെ നിയമവിരുദ്ധമായി വിദേശത്തേക്ക് അയക്കാന്‍ പ്രവര്‍ത്തിക്കുന്ന അനധികൃത കുടിയേറ്റ റാക്കറ്റുകള്‍ക്കായി വലവീശി ഇഡി. ഇന്ത്യക്കാരെ യുഎസിലേക്കും കാനഡയിലേക്കും ഉള്‍പ്പെടെ അയക്കുന്നതിനായി അനധികൃത കുടിയേറ്റ റാക്കറ്റുകള്‍ നടത്തുന്ന ഏജന്റുമാര്‍, കണ്‍സള്‍ട്ടന്റുമാര്‍, ഇവരുമായി ബന്ധമുള്ളവര്‍ എന്നിവരെ കണ്ടെത്താന്‍ ഗുജറാത്ത്, ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പുതിയ റെയ്ഡ് നടത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച അറിയിച്ചു.
ഈ വര്‍ഷം ജനുവരിയിലും ഫെബ്രുവരിയിലും ഈ അന്വേഷണത്തിന്റെ ഭാഗമായി സമാനമായ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) പ്രകാരമുള്ള നടപടി മാര്‍ച്ച് ഒന്നിന് ആരംഭിച്ചതായും ഈ സംസ്ഥാനങ്ങളിലെ 29 സ്ഥലങ്ങളില്‍ പരിശോധന നടത്തിയെന്നും കേന്ദ്ര അന്വേഷണ ഏജന്‍സി പറഞ്ഞു.
അനധികൃത കുടിയേറ്റ റാക്കറ്റിനായി പ്രവര്‍ത്തിക്കുന്ന ചിലര്‍ക്കെതിരെ ഗുജറാത്ത് പോലീസ് ഫയല്‍ ചെയ്ത മൂന്ന് എഫ്‌ഐആറുകളില്‍ നിന്നാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്. വിവിധ രാജ്യങ്ങളിലേക്ക് വിസ ലഭിക്കുന്നതിന് വ്യാജമോ കെട്ടിച്ചമച്ചതോ ആയ രേഖകളുടെ അടിസ്ഥാനത്തില്‍ 2015 മുതല്‍ ഇന്ത്യന്‍ പൗരന്മാരെ ഇവര്‍ അനധികൃതമായി വിദേശത്തേക്ക് അയക്കുന്നുവെന്ന് ആരോപിച്ചാണ് പോലീസ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനായി ഒരു യാത്രക്കാരനില്‍ നിന്ന് 60 ലക്ഷം മുതല്‍ 75 ലക്ഷം വരെയും ദമ്പതികളില്‍ നിന്ന് 1 കോടി മുതല്‍ 1.25 കോടി വരെയും കുട്ടികള്‍ ദമ്പതികള്‍ക്കൊപ്പമുണ്ടെങ്കില്‍ 1.25 കോടി മുതല്‍ 1.75 കോടി വരെയും ഈടാക്കിയിരുന്നതായി ഇഡി വ്യക്തമാക്കുന്നു.
സ്റ്റുഡന്റ് വിസ ഉള്‍പ്പെടെയുള്ള വ്യാജ വിസകളും പാസ്പോര്‍ട്ടുകളും നല്‍കി പ്രതികള്‍ ആളുകളെ പ്രലോഭിപ്പിച്ച് കൂടുതല്‍ പണം വാങ്ങുന്നതാണ് ഇത്തരം റാക്കറ്റുകളുടെ രീതിയെന്ന് ഇഡി വ്യക്തമാക്കുന്നു.