മൊഹാലി: പഞ്ചാബിലെ മൊഹാലിയില്‍ തകര്‍ന്നുവീണ മൂന്ന് നില കെട്ടിടത്തില്‍ നിന്ന് ഞായറാഴ്ച ഒരു ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഹരിയാനയിലെ അംബാല സ്വദേശിയായ അഭിഷേകിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ മരണസംഖ്യ രണ്ടായി. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താമെന്ന പ്രതീക്ഷയില്‍ വിവിധ രക്ഷാ ഏജന്‍സികളുടെ തീവ്രശ്രമം തുടരുന്നതിനിടെയാണ് മരണസംഖ്യ രണ്ടായി ഉയരുന്നത്.
കെട്ടിടത്തിന്റെ രണ്ട് നിലകളിലെ അവശിഷ്ടങ്ങള്‍ വൃത്തിയാക്കിയെന്നും ബാക്കികൂടി മാറ്റി പരിശോധന തുടരുകയാണെന്നും മൊഹാലി എസ്എസ്പി ദീപക് പരീഖ് വാര്‍ത്താ ഏജന്‍സി എഎന്‍ഐയോട് പറഞ്ഞു. കെട്ടിടത്തിന്റെ ഉടമകള്‍ക്കെതിരെ ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 105 പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ ഇപ്പോള്‍ ഒളിവിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ചയാണ് കെട്ടിടം തകര്‍ന്നുവീണത്. പതിനഞ്ചോളം പേര് കുടുങ്ങിക്കിടക്കുന്നുവെന്നാണ് പുറത്തുവന്ന വിവരം. സംഭവത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ദുഃഖം രേഖപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടവുമായി സഹകരിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.