ഫോക്‌സ് ന്യൂസ് അവതാരകന്‍ ഇനി ട്രംപിന്റെ പ്രതിരോധ സെക്രട്ടറി; കടുത്ത തീരുമാനങ്ങളെടുക്കാന്‍ മിടുക്കന്‍

വാഷിംഗ്ടണ്‍: യുഎസ് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫോക്‌സ് ന്യൂസ് അവതാരകന്‍ പീറ്റ് ഹെഗ്‌സെത്തിനെ പ്രതിരോധ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുള്ള പീറ്റിന്റെ അനുഭവജ്ഞാനം സൈന്യത്തിന് കരുത്താകുമെന്നാണ് ട്രംപിന്റെ വാദം.

പ്രതിരോധ സെക്രട്ടറി നിയമനത്തിലെ പരമ്പരാഗത കീഴ്വഴക്കങ്ങളെ കാറ്റില്‍പ്പറത്തിയാണ് പീറ്റിന്റെ നിയമനം. ”കടുത്ത തീരുമാനങ്ങളെടുക്കുന്ന, മിടുക്കനായ വ്യക്തിയും യുഎസ് ആദ്യം നയത്തിന്റെ ശരിയായ വിശ്വാസിയുമാണ് പീറ്റ്. പീറ്റ് യുഎസ് പ്രതിരോധ സേനയുടെ തലപ്പത്തുള്ളപ്പോള്‍ ശത്രുക്കള്‍ ഭയക്കും. നമ്മുടെ സൈന്യം വീണ്ടും മഹത്തരമാകും. യുഎസ് ഇനി ഒരിക്കലും തലകുനിയ്ക്കുകയില്ല”- ട്രംപ് പറഞ്ഞു.

ഒന്നാം ട്രംപ് സര്‍ക്കാരിന്റെ കാലത്ത് ട്രംപിന്റെ നയങ്ങളോട് കടുത്ത പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് പീറ്റ്. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള ട്രംപിന്റെ ചങ്ങാത്തം, വിദേശത്തുനിന്ന് സൈന്യത്തെ പിന്‍വലിക്കല്‍, സൈനികര്‍ക്കെതിരെയുള്ള യുദ്ധക്കുറ്റം അന്വേഷിക്കല്‍ തുടങ്ങി ട്രംപിന്റെ വിവിധ തീരുമാനങ്ങളെയും അമേരിക്ക ആദ്യം നയത്തെയും പീറ്റ് പരസ്യമായിത്തന്നെ പിന്തുണച്ചിട്ടുണ്ട്.

മിനസോട്ടയില്‍ ജനിച്ച പീറ്റ് പ്രിന്‍സ്ടന്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയിട്ടുണ്ട്.സര്‍വകലാശാലയില്‍ കണ്‍സര്‍വേറ്റീവ് അനുകൂല മാഗസിനായ പ്രിന്‍സ്ടന്‍ ടോറിയുടെ പ്രസാധകനായിരുന്നു പീറ്റ്. ഹാര്‍വഡ് കെന്നഡി സ്‌കൂളില്‍നിന്ന് പൊതുനയത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

2014ലാണ് പീറ്റ് ഫോക്‌സ് ന്യൂസ് ചാനലില്‍ ചേരുന്നത്. ‘ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സ്’ എന്ന പരിപാടിയുടെ സഹ അവതാരകനായിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമായി ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ക്യൂബയിലെ ഗ്വാണ്ടനാമോ ബേ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ട്.

More Stories from this section

family-dental
witywide