തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ 2024 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അഭിമാനകരമായ പിയറി ആഞ്ചെനിയക്‌സ് ട്രിബ്യൂട്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായി അദ്ദേഹം മാറി. അദ്ദേഹത്തിന്റെ ‘കരിയറിലെ നേട്ടങ്ങള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് അന്താരാഷ്ട്ര ബഹുമതി നല്‍കുന്നത്.
മെയ് 24ന് 77-ാമത് ചലച്ചിത്രമേളയില്‍ സന്തോഷ് ശിവന് പുരസ്‌കാരം നല്‍കും. മെയ് 23 ന് തന്റെ അനുഭവം യുവതലമുറയുമായി പങ്കിടുന്നതിനായി ഫെസ്റ്റിവലില്‍ സംഘടിപ്പിക്കുന്ന ഒരു മാസ്റ്റര്‍ ക്ലാസിലും അദ്ദേഹം പങ്കെടുക്കും.
രാജ്യാന്തര തലത്തില്‍ പ്രശസ്തനായ ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ ‘ദില്‍ സേ’, ‘രാജ’, ‘ഇരുവര്‍’, ‘കാലാപാനി’ തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013 മുതലാണ് ഛായാഗ്രാഹകര്‍ക്ക് കാന്‍സ് പിയറി ആന്‍ജെനിയക്‌സ് ട്രിബ്യൂട്ട് നല്‍കാന്‍ തുടങ്ങിയത്. മുന്‍പ്, ഫിലിപ് റൂസലോട്ട്, വില്‍മോസ് സിഗ്മണ്ട്, റോജര്‍ ഡീക്കിന്‍സ്, പീറ്റര്‍ സുഷിറ്റ്സ്‌കി, ചിസ്റ്റോഫര്‍ ഡോയല്‍, എഡ്വേര്‍ഡ് ലാച്ച്മാന്‍, ബ്രൂണോ ഡെല്‍ബോണല്‍, ആഗ്‌നസ് ഗോദാര്‍ഡ്, ഡാരിയസ് ഖോണ്ട്ജി, ബാരി അക്രോയിഡ് തുടങ്ങിയ ഇതിഹാസ ചലച്ചിത്ര പ്രതിഭകള്‍ക്കാണ് ഈ പുരസ്‌കാരം ലഭിച്ചത്.