യുഎസ് തിരഞ്ഞെടുപ്പ്; എല്ലാ ഒരുക്കങ്ങളും പൂർത്തിയായി, 1.76 പോളിങ് ബൂത്തുകൾ സജ്ജം, യുഎസ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പ്

യുഎസ് തിരഞ്ഞെടുപ്പിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. രാജ്യവ്യാപകമായി 1.76 ലക്ഷം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 7.75 ലക്ഷം ഉദ്യോഗസ്ഥരെയും വിന്യസിച്ചു. യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പു കൂടിയായിരിക്കും 2024-ലേത്. മൊത്തം ചെലവ് 1590 കോടി ഡോളറിൽ (1.3 ലക്ഷം കോടി രൂപ) എത്തുമെന്നാണ് കരുതുന്നത്. ഒക്ടോബർ അവസാനംവരെയുള്ള കണക്കനുസരിച്ച് കമലാ ഹാരിസിൻറെ പ്രചാരണസംഘത്തിന് 139 കോടി ഡോളർ (11,691 കോടി രൂപ) സമാഹരിക്കാനായി. ട്രംപിന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് ഒഴുകിയെത്തിയതാകട്ടെ 109 കോടി ഡോളറാണ് (9,167 കോടി രൂപ).

ഇക്കുറി പോളിങ് ശതമാനം റെക്കോഡ് ഭേദിച്ചേക്കുമെന്നാണ് പ്രതീക്ഷ. 53.9 എന്ന ഉയർന്നഏർലി വോട്ടിങ് ശതമാനം, രാജ്യത്തുടനീളം നിലനിൽക്കുന്ന തീവ്രതാത്പര്യങ്ങളെയും ഭിന്നാഭിപ്രായങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ്. ഏതാണ്ട് 7.8 കോടി ആളുകൾ വോട്ടു ചെയ്തു കഴിഞ്ഞു. ആകെ 22 കോടി ആളുകൾക്ക് വോട്ടവകാശമുണ്ട്. 16 പേർ റജിസ്റ്റർ ചെയ്ത വോട്ടർമാരാണ്.

ഡിജിറ്റൽ സാങ്കേതികവിദ്യയിലും നിർമിതബുദ്ധിയിലും അധിഷ്ഠിതമായ പ്രചാരണങ്ങൾ, ഇത്തവണത്തെ തിരഞ്ഞെടുപ്പിന് മേമ്പൊടി ചാർത്തി. അത്യാധുനിക ഡേറ്റാ വിശകലനത്തിലൂടെ വോട്ടർമാരെ അഭൂതപൂർവമായി സ്വാധീനിക്കാനും സാമൂഹികമാധ്യമങ്ങൾ വഴി വോട്ടർമാരിൽ അഭിപ്രായം രൂപവത്കരിക്കാനും അത് വഴിവെച്ചു. വോട്ടർമാരിലേക്ക് സന്ദേശം എത്തിക്കുന്നതിനും നിർണായക വോട്ടുഗ്രൂപ്പുകളെ തിരിച്ചറിയുന്നതിനും ചില വിഭവങ്ങളിൽ തന്ത്രപരമായി ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും പ്രചാരണസംഘങ്ങൾ, എ.ഐ. അധിഷ്ഠിത ഡേറ്റ അനലിറ്റിക്സ് വ്യാപകമായി ഉപയോഗിച്ചു. വർധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കും ആഴത്തിലുള്ള രാഷ്ട്രീയ വിഭജനങ്ങൾക്കുമിടയിൽ അമേരിക്കൻ ജനത വിധിയെഴുത്ത് നടത്തുമ്പോൾ, തിരഞ്ഞെടുപ്പുഫലം ലോകക്രമത്തെ എങ്ങനെ സ്വാധീനിക്കുമെന്നാണ് ആഗോളസമൂഹം ഉറ്റുനോക്കുന്നത്.

1.76 polling booths in US Election