കവായ്: ഹവായിലെ വിനോദസഞ്ചാരികൾക്കിടയിൽ പ്രചാരത്തിലുള്ള ടൂർ ഹെലികോപ്റ്റർ തകർന്നതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേരെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കവായ് തീരത്താണ് ഹെലികോപ്റ്റർ തകർന്നു വീണത്.
നാ പാലി തീരത്ത് ഹനകോവ താഴ്‌വരയ്ക്ക് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 1.20ഓടെയാണ് അപകടം നടന്നതെന്ന് കവായി പോലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ വാർത്താക്കുറിപ്പിൽ പറയുന്നു. ഹെലികോപ്റ്റർ വെള്ളത്തിലേക്ക് പോകുന്നത് കണ്ട കാൽനടയാത്രക്കാരാണ് അപകടത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത്.
ഉച്ചയ്ക്ക് 2.25 ഓടെ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. കാണാതായ രണ്ടുപേർക്കായി വിവിധ ഏജൻസികൾ വെള്ളിയാഴ്ച തിരച്ചിൽ തുടരുകയാണ്. ഹെലികോപ്റ്ററിൻ്റെ പൈലറ്റ് പ്രദേശവാസി ആയിരുന്നു. രണ്ട് യാത്രക്കാരും മെയിൻലാൻഡിൽ നിന്നുള്ള സന്ദർശകരാണെന്ന് കവായ് പോലീസ് മേധാവി ടോഡ് റെയ്ബക്ക് പറഞ്ഞു.
വ്യാഴാഴ്ച സൂര്യാസ്തമയത്തോടെ താൽക്കാലികമായി നിർത്തിയതിന് ശേഷം കൗണ്ടി സെർച്ച് ആൻഡ് റെസ്ക്യൂ സംഘങ്ങൾ വെള്ളിയാഴ്ച തിരച്ചിൽ പുനരാരംഭിച്ചു, അതേസമയം യുഎസ് കോസ്റ്റ് ഗാർഡ് വൈകുന്നേരം മുഴുവൻ തിരച്ചിൽ തുടർന്നുവെന്ന് പോലീസ് പറഞ്ഞു.
“ഞങ്ങൾ ദുരന്തം ബാധിച്ച കുടുംബങ്ങളോട് ഹൃദയംകൊണ്ട് ചേർന്നു നിൽക്കുന്നു. കാണാതായ വ്യക്തികളെ കണ്ടെത്തുന്നതിനും ഈ ദുഷ്‌കരമായ സമയത്ത് പിന്തുണ നൽകുന്നതിനും മറ്റുള്ളവരുമായി ഞങ്ങൾ തുടർന്നും പ്രവർത്തിക്കും,” ടോഡ് റെയ്ബക്ക് പ്രസ്താവനയിൽ പറഞ്ഞു.
ഹെലികോപ്റ്റർ ടൂറുകൾ ഹവായിയിൽ ജനപ്രിയമാണ്. സന്ദർശകർക്ക് ദ്വീപസമൂഹത്തിൻ്റെ സമൃദ്ധമായ ഭൂപ്രകൃതി കാണാനും ആസ്വദിക്കാനും വഴിയൊരുക്കുകയാണ് ഹെലികോപ്റ്റർ ടൂറുകൾ. എന്നാൽ അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ആശങ്കകൾ ഉയർന്നിട്ടുണ്ട്.
2019 ഡിസംബറിൽ കവായിലെ ഒരു സ്റ്റേറ്റ് പാർക്കിൻ്റെ വിദൂര പ്രദേശത്ത് ഒരു ടൂർ ഹെലികോപ്റ്റർ തകർന്ന് ഏഴ് പേർ മരിച്ചിരുന്നു. 2019ന്റെ തുടക്കത്തിൽ, ഒവാഹു ദ്വീപിലെ കൈലുവയിലെ ഒരു തെരുവിൽ ഒരു ടൂർ ഹെലികോപ്റ്റർ തകർന്ന് തീപിടിച്ച് മൂന്ന് പേരും മരിച്ചിരുന്നു.