ടെന്നസി: അമേരിക്കയെ വീണ്ടും നടുക്കി ടെന്നസി യൂണിവേഴ്സിറ്റിക്ക് സമീപം വെടിവെപ്പ്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 3 കുട്ടികളടക്കം നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ടെന്നസി സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഹോംകമിംഗ് പരേഡിന് ശേഷം നടന്ന വെടിവെപ്പിൽ 24 കാരനാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ജെഫേഴ്സൺ സ്ട്രീറ്റിലെ ക്യാമ്പസിനു പുറത്താണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ 24 കാരനാണ് കൊല്ലപ്പെട്ടതെന്നും അയാൾ വിദ്യാർഥിയാണോ എന്ന് വ്യക്തമല്ലെന്നും പൊലീസ് വക്താവ് ഡോൺ ആരോൺ മാധ്യമങ്ങളോട് പറഞ്ഞു. വെടിയേറ്റ കുട്ടികളിൽ ഒരാൾ 12 കാരനും മറ്റു രണ്ടുപേർ 14 കാരനുമാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. യൂണിവേഴ്സിറ്റിക്കു സമീപം ചേരിതിരിഞ്ഞ് രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നെന്നും പൊലീസ് വക്താവ് പറഞ്ഞു.
അന്വേഷണത്തിൽ പ്രദേശത്തുനിന്ന് തോക്ക് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്കൂളിൻ്റെ ഹോംകമിംഗ് ഫുട്ബോൾ ഗെയിം നടക്കുന്ന നിസാൻ സ്റ്റേഡിയത്തിനുള്ളിലും വെടിവെപ്പ് നടന്നിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.