കൊളംബോ: ശ്രീലങ്കയിലുടനീളം കനത്ത മഴയിലും ശക്തമായ കാറ്റിലും കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേർ മരിക്കുകയും അഞ്ച് പേരെ കാണാതാവുകയും ചെയ്തതായി ദുരന്തനിവാരണ കേന്ദ്രം (ഡിഎംസി) അറിയിച്ചു.
ഞായറാഴ്ച പുലർച്ചെ മുതൽ 150 മില്ലിമീറ്ററിലധികം മഴ ലഭിച്ചതിനാൽ തലസ്ഥാനമായ കൊളംബോയിൽ നിന്നാണ് കൂടുതൽ മരണങ്ങളും റിപ്പോർട്ട് ചെയ്തതെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പ്രവിശ്യകളിലെ എല്ലാ ആരോഗ്യ ഡയറക്ടർമാർക്കും ജാഗ്രത പാലിക്കാനും ആശുപത്രികളിൽ ഏത് അടിയന്തര സാഹചര്യവും നേരിടാനും സജ്ജരായിരിക്കാനും നിർദ്ദേശം നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വെള്ളപ്പൊക്കം രൂക്ഷമായതോടെ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഗ്രാമപ്രദേശങ്ങളിൽ നിന്ന് വലിയ ആശുപത്രികളിലേക്ക് വിമാനമാർഗം എത്തിക്കാൻ എല്ലാ ക്രമീകരണങ്ങളും ചെയ്തതായി മന്ത്രാലയം കൂട്ടിച്ചേർത്തു.
അടുത്ത 48 മണിക്കൂറിനുള്ളിൽ രാജ്യത്തുടനീളം കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് ഞായറാഴ്ച മുന്നറിയിപ്പ് നൽകി. അതേസമയം രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഡിഎംസി അറിയിച്ചു. പൊതുജനങ്ങൾ വീടുകളിൽ തന്നെ തുടരാനും വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിൽ പോകുന്നത് ഒഴിവാക്കാനും അഭ്യർത്ഥിച്ചു.