
കൊച്ചി: ശബരിമല തീര്‍ത്ഥാടനത്തിന് അനുമതി തേടി കര്‍ണാടക സ്വദേശിയായ 10 വയസുകാരിയുടെ ഹര്‍ജി ഹൈക്കോടതിയില്‍. തനിക്ക് 10 വയസേ ആയിട്ടുള്ളുവെന്നും ആദ്യ ആര്‍ത്തവം ഉണ്ടാകാത്തതിനാല്‍ പ്രായപരിധി പരിഗണിക്കാതെ മലകയറാന്‍ അനുവദിക്കണം എന്നുമായിരുന്നു പെണ്‍കുട്ടിയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം ഹൈക്കോടതി നിരസിച്ചു. ശബരിമല സ്ത്രീപ്രവേശന വിഷയം സുപ്രീം കോടതി വിശാല ബെഞ്ചിന്റെ പരിഗണയിലാണെന്നും അതിനാല്‍ ഇടപെടാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിലപാടെടുത്തത്.
മുന്‍പ് കൊവിഡ് കാലത്ത് ശബമലയിലെത്താന്‍ ആഗ്രഹിച്ചതാണെന്നും പിതാവിന്റെ ആരോഗ്യ പ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും തടസമായെന്നും അതിനാല്‍ ഇക്കുറി അനുമതി തരണമെന്നുമായിരുന്നു പെണ്‍കുട്ടി ഹര്‍ജിയില്‍ പറഞ്ഞത്. മാത്രമല്ല, ആചാരങ്ങള്‍ പാലിച്ച് മലകയറാനാകുമെന്നും പത്ത് വയസ്സെന്ന പ്രായപരിധി സാങ്കേതികമെന്നും പെണ്‍കുട്ടിയുടെ ഹര്‍ജിയില്‍ വ്യക്തമാക്കി.
എന്നാല്‍ 10 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന തിരുവിതാംകൂര്‍ ദേവസ്വം നിലപാടില്‍ ഇടപെടാനാവില്ലെന്നും വിഷയം സുപ്രീം കോടതിയുടെ വിശാല ബെഞ്ചിലാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.