
ഭോപാൽ: നിയമവിരുദ്ധ ബീഫ് കച്ചവടം ആരോപിച്ച് മധ്യപ്രദേശിലെ മണ്ഡലയിൽ സർക്കാർ ഭൂമിയിൽ നിർമിച്ച 11 വീടുകൾ പൊളിച്ചു. മണ്ഡലയിലെ ഗോത്രമേഖലയിലാണ് സംഭവം. വീടുകളിലെ ഫ്രിജുകളിലും പൊലീസ് പരിശോധന നടത്തുകയും ബീഫ് പിടിച്ചെടുക്കുകയും ചെയ്തു. ഒരു വീട്ടിൽ നിന്ന് ചത്ത മൃഗത്തിന്റെ തോലും എല്ലുകളും മറ്റും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പശുവിനെ കൊല്ലുന്നത് 7 വർഷം വരെ തടവു ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണ് മധ്യപ്രദേശിൽ.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നയ്ൻപൂരിലെ ബൈൻവാഹി മേഖലയിൽ രഹസ്യമായി കടത്തികൊണ്ടുവന്ന പാർപ്പിച്ചിരുന്ന 150 പശുക്കളെ പൊലീസ് കണ്ടെത്തി. ഇവയെ അറക്കനായി സൂക്ഷിച്ചതാണെന്ന് പൊലീസ് ആരോപിക്കുന്നു. പൊലീസ് ഇവയെ അവിടെ നിന്ന് മോചിപ്പിച്ച് സമീപത്തെ ഗോശാലയിൽ ഏൽപ്പിച്ചിട്ടുണ്ട്.
വീടുകളിലെ ഫ്രിഡ്ജിൽനിന്ന്പിടിച്ചെടുത്ത ഇറച്ചി ബീഫ് തന്നെയെന്ന് പ്രാദേശികഭരണകൂടം സ്ഥിരീകരിച്ചു. സാംപിളുകൾ ഹൈദരാബാദിൽ ഡി.എൻ.എ. പരിശോധനയ്ക്കയച്ചതായും പൊലീസ് അറിയിച്ചു.
സർക്കാർഭൂമിയിൽ നിർമിച്ച വീടുകളാണ് പൊളിച്ചുനീക്കിയതെന്ന് മണ്ഡല എസ്.പി. രജത് സക്ലേച്ച അറിയിച്ചു. വീട് നഷ്ടപ്പെട്ട 11 പേരുടെപേരിൽ പോലീസ് കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. മറ്റ് 10 പേർ ഒളുവിലാണ്.
11 houses Demolished in Madhya Pradesh for keeping Beef In fridge