ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ പ്രാര്‍ഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 116 ആയി. സിക്കന്ദ്‌റ റാവു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഫുല്‍റായി ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരില്‍ നിരവധി സ്ത്രീകളും മൂന്നു കുട്ടികളുമുണ്ട്. നിരവധി പേര്‍ക്ക് ഗുരുതര പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. നാരായണ്‍ സാകര്‍ ഹരി (ഭോലെ ബാബ) എന്ന പ്രാദേശിക സ്വയം പ്രഖ്യാപിത ആൾദൈവത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘സത്സംഗ്’ ചടങ്ങിനിടെയാണ് തിക്കുംതിരക്കുമുണ്ടായത്. 50,000ത്തിലധികം പേര്‍ ഒത്തുകൂടിയ ചടങ്ങ് അവസാനിച്ചശേഷം ആളുകള്‍ പിരിഞ്ഞുപോകാന്‍ തുടങ്ങുമ്പോഴാണ് ദുരന്തം.
മൃതശരീരങ്ങളാൽ നിറഞ്ഞ ജില്ലയിലെ സിക്കന്ദര റാവു ട്രോമ സെന്റര്‍ ചൊവ്വാഴ്ച വൈകീട്ടോടെ ഒരു ശവപ്പറമ്പായി മാറി. ആംബുലന്‍സുകളിലും ട്രക്കുകളിലും കാറുകളിലുമായി ഒന്നിനു പുറകെ ഒന്നായും കൂട്ടമായും ചേതനയറ്റ ശരീരങ്ങൾ ആശുപത്രി മുറ്റത്ത് നിറഞ്ഞു. ബോധംനഷ്ടമായവരും ജീവൻ ബാക്കിയായവും മൃതദേഹങ്ങള്‍ക്കിടയിലുണ്ടായിരുന്നു.
ഭോലെ ബാബ എന്ന സ്വയം പ്രഖ്യാപിത ആൾദൈവത്തെ ദര്‍ശിക്കാനും കാലിനടിയില്‍നിന്ന് മണ്ണ് ശേഖരിക്കാനുമുള്ള തിരക്കില്‍ അടിതെറ്റിയവര്‍ക്കുമേല്‍ ഒന്നിനുപിറകെ ഒന്നായി ആളുകള്‍ വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചെറിയ സ്ഥലത്ത് ഉൾക്കൊള്ളാവുന്നതിലധികം ആളുകൾ ഒത്തുകൂടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് സിക്കന്ദ്‌റ റാവു പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ആശിഷ് കുമാര്‍ പറഞ്ഞു. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെയാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് ഹാഥറസ് ജില്ല മജിസ്‌ട്രേറ്റ് ആശിഷ് കുമാര്‍ പറഞ്ഞു. പൊലീസ് സുരക്ഷ ഉണ്ടായിരുന്നുവെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പര്യാപ്തമല്ലായിരുന്നുവെന്ന് പറയുന്നു.
27 മരണമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍, മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മരണസംഖ്യ കുത്തനെ ഉയർന്നിരിക്കുകയാണ്. മരിച്ചവരിലേറെയും സ്ത്രീകളായിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രി പരിസരത്ത് നിരത്തിയിട്ടിരിക്കുന്നതും ചുറ്റുമിരുന്ന് ബന്ധുക്കള്‍ വിലപിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
“ഒരു ട്രക്കില്‍ അഞ്ചോ ആറോ മൃതദേഹങ്ങള്‍ക്കിടയില്‍ ഒരു സ്ത്രീ കരഞ്ഞുകൊണ്ട് ഇരിക്കുന്നു. വാഹനത്തില്‍നിന്ന് മകളുടെ മൃതദേഹം പുറത്തെടുക്കാന്‍ സഹായിക്കണമെന്ന് അവര്‍ ആളുകളോട് അഭ്യര്‍ത്ഥിക്കുന്നു,” പിടിഐ റിപ്പോര്‍ട്ടിൽ പറയുന്നു.