യുഎസ് ചേമ്പർ ഓഫ് കൊമേഴ്സിന്റെ സാമ്പത്തിക സഹായത്തോടെ ആട് ഗ്രാമം പദ്ധതിയുടെ ഭാഗമായി 12 ആടുകളെ നൽകി

പാലക്കാട്: ആട് ഗ്രാമം പദ്ധതിയുടെ ഭാഗമായി നിർധന കുടുംബങ്ങൾക്ക് ജീവനോപാധിയായി ആടുകളെ നൽകി വടക്കഞ്ചേരി ജീവനം ചാരിറ്റബിൾ സൊസൈറ്റി. ജീവനത്തിന്റെയും വടക്കഞ്ചേരി കോ- ഓപ്പറേറ്റീവ് സർവ്വീസ് ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ യുഎസ് ചേമ്പർ ഓഫ് കൊമേഴ്സിന്റെ സാമ്പത്തിക സഹായത്തോടെ തിരഞ്ഞെടുക്കപ്പെട്ട 12 ഗുണഭോക്താക്കൾക്കാണ് മലബാറി ആടുകളെ വിതരണം ചെയ്തു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വടക്കഞ്ചേരി, കാളാംകുളം (പള്ളിമുക്ക്) സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ അങ്കണത്തിൽ വെച്ചായിരുന്നു ആടുകളെ നൽകിയത്.

2020 ജനുവരിയിൽ 12 ഗുണഭോക്താക്കൾക്ക് മലബാറി ആടുകളെ വിതരണം ചെയ്തു തുടങ്ങിയ ജീവനം ചാരിറ്റബിൾ സൊസൈറ്റിയുടെ ആട് ഗ്രാമം പദ്ധതി പ്രകാരം ഇക്കുറി നൽകിയ 12 ആട് ഉൾപ്പെടെ ആകെ 71 ഗുണഭോക്താക്കൾക്ക് മലബാറി ആടുകളെ വിതരണം ചെയ്യാൻ കഴിഞ്ഞു.

വടക്കഞ്ചേരി കോ_ ഓപ്പറേറ്റീവ് സർവ്വീസ് ബാങ്ക് പ്രസിഡന്റ്
റെജി കെ മാത്യു അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡൻറ് ലിസ്സി സുരേഷ് ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ സൗത്ത് ഇന്ത്യൻ യുഎസ് ചേമ്പർ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റ് സക്കറിയ കോശി മുഖ്യാതിഥി ആയിരുന്നു.സൗത്ത് ഇന്ത്യൻ യു എസ് ചേമ്പർ ഓഫ് കൊമേഴ്സിന്റെ ബോർഡ് മെംബർ സുനിൽ ഫിലിപ്പ്, മാർ തോമസ് സഭാ കൗൺസിൽ മെമ്പർ സന്തോഷ് അബ്രഹാം, പഞ്ചായത്ത് മെമ്പർ ഫൗസിയ കെ പി, ചാരിറ്റബിൾ സൊസൈറ്റി മുഖ്യ രക്ഷാധികാരി അഡ്വ.വി.വി.വിജയൻ, എന്നിവർ സംസാരിച്ചു. ജീവനം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് വി. രവീന്ദ്രൻ സ്വാഗതവും, ജനറൽ സെക്രട്ടറി എം.പി.ശശികല ടീച്ചർ നന്ദിയും രേഖപ്പെടുത്തി.