ഡൽഹി: ജോർജിയയിലെ ഹോട്ടലിൽ 11 ഇന്ത്യാക്കാരടക്കം 12 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഗുദൗരിയിലെ ഇന്ത്യൻ ഹോട്ടലിലെ ജീവനക്കാരാണ് മരിച്ചത്. തബ്ലിസിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. വിഷവാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
മരിച്ചവരിൽ ഒരാൾ ജോർജിയൻ പൗരനും ബാക്കിയെല്ലാം ഇന്ത്യക്കാരുമാണെന്നും പൊലീസ് പറയുന്നു. ഹോട്ടലിലെ രണ്ടാം നിലയിലെ റൂമുകളിൽ ഉറങ്ങിയവരാണ് മരിച്ചത്. ശരീരത്തിൽ മുറിവുകളോ ആക്രമണത്തിന്റെ ലക്ഷണങ്ങളോ ഇല്ലെന്ന് ജോർജിയ പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ കണ്ടെത്തിയ മുറിയുടെ സമീപത്ത് ജനറേറ്റർ കണ്ടെത്തിയെന്ന് ജോർജിയ മിനിസ്ട്രി ഓഫ് ഇന്റേണൽ അഫയേഴ്‌സ് വാർത്താക്കുറിപ്പിറക്കി.
ചെറിയ അടച്ചിട്ട മുറിയിൽ പ്രവർത്തിച്ച ജനറേറ്ററിൽ നിന്നുമുയർന്ന പുക ശ്വസിച്ചാണ് മരണമെന്ന് സംശയം. ജനറേറ്റർ വൈദ്യുതി നിലച്ചപ്പോൾ പ്രവർത്തിച്ചിരുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നതായും ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തുന്നുവെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
12 including 11 indians found dead in Georgia hotel