ജമ്മു: ജമ്മു കശ്മീരിനെ നടുക്കി വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലെ തിരക്കേറിയ സ്ഥലത്തുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. സുരക്ഷാസേനയെ ലക്ഷ്യമിട്ടാണ് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞതെന്നാണ് വിവരം. സിആര്‍പിഎഫിന്റെ വാഹനം ലക്ഷ്യമിട്ടാണ് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്. എന്നാല്‍ ഗ്രനേഡ് വാഹനത്തില്‍ കൊണ്ടില്ല. ലക്ഷ്യംതെറ്റി വഴിയോരക്കച്ചവടക്കാരന്റെ ഉന്തുവണ്ടിയിൽ വീണ് പൊട്ടുകയായിരുന്നു. ആക്രമണം നടത്തിയവർക്കായി സുരക്ഷാസേന തെരച്ചിൽ തുടങ്ങി.
വിശദ വിവരങ്ങൾ ഇങ്ങനെ
ഇന്ന് ഉച്ചയോടെ ശ്രീനഗർ ലാൽ ചൌക്കിന് തൊട്ടടുത്തുള്ള ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപമാണ് ആക്രമണം നടന്നത്. ആഴ്ച്ചചന്തയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ഇവിടെ നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സിആര്‍പിഎഫിന്റെ വാഹനം ലക്ഷ്യമിട്ടാണ് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്. എന്നാല്‍ ഗ്രനേഡ് വാഹനത്തില്‍ കൊണ്ടില്ല. ലക്ഷ്യംതെറ്റി വഴിയോരക്കച്ചവടക്കാരന്റെ ഉന്തുവണ്ടിയിൽ വീണു പൊട്ടുകയായിരുന്നു. ആഴ്ച ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നവരും കച്ചവടക്കാരും വഴിയാത്രക്കാരുമാണ് പരിക്കേറ്റവർ. രണ്ട് സുരക്ഷസേന അംഗങ്ങൾക്കും പരിക്കേറ്റതായി റിപ്പോർട്ട് ഉണ്ട്.
ജമ്മു കശ്മീര്‍ പൊലീസീന്റെയും സിആര്‍പിഎഫിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. ഗ്രനേഡ് ആക്രമണം അസ്വസ്ഥതപ്പെടുത്തുന്നുവെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല പറഞ്ഞു. ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സുരക്ഷാസേനകള്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.