മഹാരാഷ്ട്രയിൽ 6 മണിക്കൂർ നീണ്ട ഏറ്റുമുട്ടൽ; 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ ഇന്ന് ആറ് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇവരുടെ പക്കൽ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു.

ഛത്തീസ്ഗഢ് അതിർത്തിയോട് ചേർന്ന വന്ദോലി ഗ്രാമത്തിന് സമീപം പതിനഞ്ചോളം മാവോയിസ്റ്റുകൾ ക്യാമ്പ് ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് മഹാരാഷ്ട്ര പൊലീസ് രാവിലെ 10 മണിയോടെ ഗഡ്ചിരോളിയിൽ നിന്ന് വൻ തിരച്ചിൽ ആരംഭിക്കുകയായിരുന്നു.

ഡപ്യൂട്ടി എസ്പിയുടെ നേതൃത്വത്തിൽ ഏഴ് സി-60 കക്ഷികൾ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനു വേണ്ടി കാടുകളിലേക്ക് പുറപ്പെട്ടു. ഉച്ചകഴിഞ്ഞ് ശക്തമായ വെടിവയ്പ്പ് ആരംഭിച്ചു. ആറ് മണിക്കൂറിലധികം വെടിവയ്പ്പ് നീണ്ടു നിന്നു. വൈകുന്നേരം വരെ ഇത് തുടർന്നു. സി-60-ലെ ഒരു സബ് ഇൻസ്‌പെക്ടർക്കും ഒരു ജവാനും പരുക്കേറ്റെങ്കിലും അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ. ഇവരെ ചികിത്സയ്ക്കായി നാഗ്പൂരിലേക്ക് മാറ്റി.

12 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളും 3 എകെ 47, 2 ഇൻസാസ്, 1 കാർബൈൻ, ഒരു എസ്എൽആർ എന്നിവയുൾപ്പെടെ ഏഴ് ആയുധങ്ങളും ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. ടിപ്പഗഡ് ദളത്തിൻ്റെ ചുമതലയുള്ള വിശാൽ അത്രം എന്ന ഡിവിസിഎം ലക്ഷ്മൺ ആത്രവും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. മറ്റ് 11 പേരെ പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

More Stories from this section

family-dental
witywide