
സ്‌കൂള്‍ വര്‍ഷത്തിലുടനീളം നിരന്തരമായ പീഡനം സഹിച്ചതിനാല്‍ 12 കാരിയായ മകള്‍ ആത്മഹത്യ ചെയ്തുവെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. അമേരിക്കയിലെ ലാസ് വെഗാസിലെ ഡുവാന്‍ ഡി കെല്ലര്‍ മിഡില്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫ്‌ലോറ മാര്‍ട്ടിനെസ് മെയ് 7 നാണ് മരിച്ചത്.
മകളുടെ ദാരുണമായ മരണത്തിന് ക്ലാര്‍ക്ക് കൗണ്ടി സ്‌കൂള്‍ അധികൃതരാണ് ഉത്തരവാദികളെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. സ്‌കൂളില്‍ നിന്നും പെണ്‍കുട്ടി നിരന്തരം ഉപദ്രവിക്കപ്പെട്ടെന്നും അവളെ സംരക്ഷിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്നുമാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. തന്റെ മകള്‍ അക്ഷരാര്‍ത്ഥത്തില്‍ പീഡിപ്പിക്കപ്പെട്ടുവെന്നും സ്‌കൂള്‍ അധികൃതരുടെ സംരക്ഷണത്തിലായിരിക്കെ, മകളെ സംരക്ഷിക്കുന്നതില്‍ അവരും പരാജയപ്പെട്ടുവെന്നും അമ്മ ആലീസ് മാര്‍ട്ടിനെസ് കൂട്ടിച്ചേര്‍ത്തു. 2023-24 അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പീഡനം ആരംഭിച്ചതായി അവര്‍ വ്യക്തമാക്കി. സഹപാഠികള്‍ ഫ്‌ലോറയുമായി നിരന്തരം വഴക്കുകൂടിയിരുന്നതായി കുട്ടിയുടെ പിതാവ് വ്യക്തമാക്കുന്നു.
ഫ്‌ലോറയുടെ കുടുംബം കുട്ടി ഉപദ്രവിക്കപ്പെടുന്നതായി സ്‌കൂളിലെ അസിസ്റ്റന്റ് പ്രിന്‍സിപ്പലിനെ നിരന്തരം അറിയിച്ചിരുന്നെങ്കിലും അവര്‍ നടപടിയെടുത്തില്ലെന്നും കുടുംബം പറയുന്നു. മാത്രമല്ല, 12 വയസുകാരിയെ മിഡില്‍ സ്‌കൂളില്‍ നിന്ന് മാറ്റുന്നതിന് അമ്മ രേഖകള്‍ സമര്‍പ്പിച്ചെങ്കിലും കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അപേക്ഷ നിരസിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
മെയ് 5 ന് സ്‌കൂളിലെ നിരന്തരമായ പീഡനത്തിന് ശേഷം 10 വയസ്സുള്ള ഇന്‍ഡ്യാന ബാലന്‍ സാമി ട്യൂഷ് ജീവനൊടുക്കിയതിന് ശേഷമാണ് ഫ്‌ലോറയുടെ ദാരുണമായ സംഭവുമുണ്ടാകുന്നത്. ഫ്‌ലോറയുടെ സംസ്‌കാരം വ്യാഴാഴ്ച നടന്നു.