
കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്ച ടേക്ക്ഓഫിനിടെ ശൗര്യ എയർലൈൻസിൻ്റെ വിമാനം തകർന്നുവീണതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ 18 പേർക്ക് ജീവൻ നഷ്ടമായെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പൊഖാറയിലേക്കുള്ള വിമാനത്തിൽ എയർക്യുമാരടക്കം 19 പേരാണ് ഉണ്ടായിരുന്നതെന്ന് ടിഐഎ വക്താവ് പ്രേംനാഥ് താക്കൂർ പറഞ്ഞു. അപകടസ്ഥലത്ത് പോലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
വീഴ്ചയുടെ ആഘാതത്തിൽ വിമാനത്തിന് തീപിടിച്ചെങ്കിലും അടിയന്തര രക്ഷാപ്രവർത്തകർ ഉടൻ തന്നെ തീ അണച്ചതായി വൃത്തങ്ങൾ അറിയിച്ചു. പൈലറ്റിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി പിടിഐ റിപ്പോർട്ട് ചെയ്തു. പൈലറ്റിൻ്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പറന്നുയരുന്നതിനിടെ ചിറകിൻ്റെ അറ്റം നിലത്ത് തട്ടി വിമാനം മറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിന് ഉടൻ തീപിടിക്കുകയും റൺവേയുടെ കിഴക്ക് ഭാഗത്തുള്ള ജലാശയത്തിലേക്ക് വീഴുകയുമായിരുന്നുവെന്ന് അവർ പറഞ്ഞു.
കഴിഞ്ഞ വർഷം ജനുവരിയിൽ നേപ്പാളിലെ വിനോദസഞ്ചാര നഗരമായ പൊഖാറയിൽ ലാൻഡിങ്ങിന് തൊട്ടുമുമ്പ് യെതി എയർലൈൻസ് വിമാനം തകർന്ന് അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 72 പേർ മരിച്ചിരുന്നു.