ചൈനയിലെ ബോര്‍ഡിങ് സ്‌കൂളില്‍ തീപ്പിടിത്തം; 13 കുട്ടികള്‍ വെന്തുമരിച്ചു

ബെയ്ജിങ്: മധ്യചൈനയിൽ സ്വകാര്യ ബോർഡിങ് സ്കൂളിലെ ഡോർമെട്രിയിലുണ്ടായ തീപിടിത്തത്തിൽ 13 വിദ്യാർഥികൾ മരിച്ചു. ഒമ്പതും പത്തും വയസുള്ള കുട്ടികളാണ് മരിച്ചത്. പരുക്കേറ്റ ഒരു കുട്ടി ചികിത്സയിലാണ്. മൂന്നാം ക്ലാസ് വിദ്യാർഥികളാണ് അപകടത്തി​ൽപെട്ടത്. മരിച്ച കുട്ടികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ തീപിടിത്തത്തിന്റെ കാരണമോ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഹെനാന്‍ പ്രവിശ്യയിലെ യാന്‍ഷാന്‍പു ഗ്രാമത്തിലെ യിങ് കായ് എലമെന്ററി സ്‌കൂളില്‍ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായതെന്ന് ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ ഷിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്തു. ആൺകുട്ടികളുടെ ഡോർമെട്രിയിലാണ് തീപിടിത്തമുണ്ടായത്. അപകടം നടന്ന സമയത്ത് 30 കുട്ടികളാണ് ഡോര്‍മെട്രിയിൽ ഉണ്ടായിരുന്നത്. ബാക്കി മുഴുവന്‍ കുട്ടികളേയും സുരക്ഷിതമായി പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചു.

തീപ്പിടിത്തമുണ്ടായ ഉടന്‍ ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റ വിദ്യാര്‍ഥിയുടെ നില തൃപ്തികരമാണ്. സംഭവത്തെ കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതരില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നഴ്‌സറി, പ്രൈമറി ക്ലാസ് കുട്ടികള്‍ക്കായുള്ള സ്‌കൂളാണ് യിങ് കായ് എലമെന്ററി സ്‌കൂള്‍. ആഴ്ചാവസാനമായതിനാല്‍ നഴ്‌സറി വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് പോയിരുന്നു. ഇതിനിടെ, ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ കുറ്റക്കാരെ ശിക്ഷിക്കണമെന്നാവശ്യം ശക്തമാവുകയാണ്.

More Stories from this section

family-dental
witywide