തമിഴ്‌നാട്ടിൽ വ്യാജ എന്‍സിസി ക്യാമ്പ്, 13 പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകരും പ്രിൻസിപ്പലും അടക്കം 11 പേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലെ വ്യാജ നാഷണൽ കേഡറ്റ് കോർപ്‌സ് (എൻസിസി) ക്യാമ്പിൽ 13 വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പൊലീസ് തിങ്കളാഴ്ച അറിയിച്ചു. ക്യാമ്പിൻ്റെ സംഘാടകനും പ്രധാന പ്രതിയുമായ ശിവരാമൻ, സ്‌കൂൾ പ്രിൻസിപ്പൽ, രണ്ട് അധ്യാപകർ, ഒരു ലേഖകൻ എന്നിവരുൾപ്പെടെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്വകാര്യ സ്‌കൂളിന് എൻസിസി യൂണിറ്റ് ഇല്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞുവെന്നും ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കുന്നതിലൂടെ യോഗ്യത നേടാമെന്ന അവകാശവാദവുമായി ഒരു സംഘം സ്‌കൂൾ മാനേജ്‌മെൻ്റിനെ സമീപിച്ചതായും പൊലീസ് പറഞ്ഞു.

ക്യാമ്പിനായി ഗ്രൂപ്പിനെ നിയമിക്കുന്നതിന് മുമ്പ് പശ്ചാത്തല പരിശോധന നടത്തുന്നതിൽ സ്കൂൾ പരാജയപ്പെട്ടു. ഈ മാസം അഞ്ചിനും ഒമ്പതിനും നടത്തിയ ത്രിദിന ക്യാമ്പില്‍ 17 പെണ്‍കുട്ടികളടക്കം 41 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.

13 വയസുള്ള ഒരു കുട്ടി ഉൾപ്പെടെ 13 വിദ്യാർത്ഥികൾ ലൈംഗികമായി ആക്രമിക്കപ്പെട്ടു. കുറച്ച് ദിവസങ്ങളായി ഒളിവില്‍ കഴിഞ്ഞ ശിവരാമനെ പോക്‌സോ നിയമവും ബിഎന്‍എസ് നിയമവും ഉള്‍പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ് രാഷ്ട്രീയ പാര്‍ട്ടി നാം തമിഴര്‍ കട്ച്ചിയിലെ പ്രവര്‍ത്തകനാണ് ശിവരാമന്‍. ഇയാൾ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും മറ്റ് 12 പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയുമായിരുന്നു.

പെണ്‍കുട്ടി സംഭവം നടന്ന ഒമ്പതാം തീയതി തന്നെ പരാതി നല്‍കിയെങ്കിലും സ്‌കൂള്‍ അധികൃതര്‍ പരാതി മുന്നോട്ട് കൊണ്ടുപോകാതെ വിഷയം മൂടിവെക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് നിലവില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

സ്‌കൂളിന്റെ ഒന്നാം നിലയില്‍ സ്ഥിതി ചെയ്യുന്ന ഓഡിറ്റോറിയത്തിലായിരുന്നു പെണ്‍കുട്ടികളെ താമസിപ്പിച്ചത്. ആണ്‍കുട്ടികള്‍ക്ക് താഴത്തെ നിലയിലും താമസ സൗകര്യമൊരുക്കി. തങ്ങളെ കബളിപ്പിച്ച് ഓഡിറ്റോറിയത്തിന് പുറത്തേക്ക് കൊണ്ടുപോകുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ ആരോപിക്കുന്നു.

അതേസമയം, ക്യാമ്പിന് ചുമതല വഹിക്കാന്‍ ഒരു അധ്യാപകരെയും നിയമിച്ചിരുന്നില്ല. ‘സ്‌കൂള്‍ അധികൃതര്‍ക്ക് ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള അറിവുണ്ടായിരുന്നെങ്കിലും പൊലീസിനെ അറിയിക്കുന്നതിന് പകരം വിഷയം ഒതുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തെ ഗുരുതരമായി കാണരുതെന്ന് കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയതായും ആരോപണമുണ്ട്,’ പൊലീസ് ജില്ലാ സൂപ്രണ്ട് പി തങ്കദുരൈ പറഞ്ഞു.

More Stories from this section

family-dental
witywide