
ഗുവഹാത്തി: അസമില്‍ ക്ഷേത്ര ദര്‍ശനത്തിനായി പോയവര്‍ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് വന്‍ അപകടം. പതിനാലുപേര്‍ മരിച്ചു. 27 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും ഒരു ചെറിയ കുട്ടിയും ഉള്‍പ്പെടുന്നു. 45 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ അഞ്ചുമണിയോടെ ഡെര്‍ഗാവിലാണ് അപകടം ഉണ്ടായത്.
അത്ഖേലിയില്‍ നിന്ന് ബാലിജനിലേക്ക് പോയ ക്ഷേത്രദര്‍ശനത്തിനായി പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. രണ്ട് വാഹനത്തിലെയും ഡ്രൈവര്‍മാര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതമായി പരിക്കേറ്റവരെ ജോര്‍ഹാട്ട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ക്ഷേത്രത്തില്‍ പോകാനുള്ള സംഘം യാത്ര ആരംഭിച്ചത്. അഞ്ച് മണിയോടെ ക്ഷേത്രത്തിലെത്തുന്നതിനു തൊട്ടു മുന്‍പാണ് അപകടം സംഭവിച്ചത്.