വനത്തില്‍ കുടുങ്ങിയ പൊലീസ് സംഘത്തെ തിരികെയെത്തിച്ചു; കാടിനുള്ളില്‍ കടന്നത് കഞ്ചാവ് തോട്ടം നശിപ്പിക്കാന്‍

പാലക്കാട്: മാവോയിസ്റ്റിനെ തിരഞ്ഞ് പോയതിനു പിന്നാലെ അട്ടപ്പാടിയില്‍ വനത്തിനുള്ളില്‍ അകപ്പെട്ട പോലീസ് സംഘത്തെ തിരികെയെത്തിച്ചു. ആന്റി നക്സല്‍ സ്‌ക്വാഡ് ഉള്‍പ്പെടെ അഗളി ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കുടുങ്ങിയത്. ഒരു രാത്രി മുഴുവന്‍ വനത്തില്‍ കുടുങ്ങിയ ഇവരെ പുലര്‍ച്ചെയോടെയാണ് തിരിച്ചെത്തിച്ചത്. ഏഴ് പൊലീസുദ്യോഗസ്ഥരും വനംവകുപ്പിലെ അഞ്ച് ജീവനക്കാരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

പുതൂര്‍ എസ്‌ഐയും സംഘത്തിലുണ്ടായിരുന്നു. മാവോയിസ്റ്റ് തിരച്ചിലിനായി വനത്തില്‍ പോയ പൊലീസ് സംഘം വഴിതെറ്റി കാട്ടില്‍ അകപ്പെടുകയായിരുന്നു. സംഘം സുരക്ഷിതരാണെന്നും അടുത്ത ദിവസം തന്നെ മടങ്ങിയെത്തുമെന്നും ഇന്നലെ പൊലീസ് അറിയിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ ഗൊട്ടിയാര്‍കണ്ടിയില്‍നിന്നുമാണ് മാവോയിസ്റ്റുകളെ തേടിയും കഞ്ചാവ് തിരച്ചിലിനുമായി സംഘം വനത്തിലേക്ക് പോയത്. കഞ്ചാവുതോട്ടം നശിപ്പിച്ച് തിരിച്ചിറങ്ങുന്നതിനിടെ സംഘം വഴിതെറ്റി മുരുഗള ഊരിന് മുകളിലുള്ള പാറക്കെട്ടിന് മുകളിലെത്തുകയായിരുന്നു.

നേരമിരുട്ടിയതോടെ വഴി തിരിച്ചറിയാന്‍ കഴിയാതെ പോകുകയായിരുന്നു. ഭവാനിപ്പുഴയ്ക്കടുത്ത് മല്ലീശ്വരന്‍മുടിയോടനുബന്ധിച്ച് കിടക്കുന്ന വിദൂര ഊരായ മുരുഗളയ്ക്കും ഗൊട്ടിയാര്‍കണ്ടിക്കുമിടയിലുള്ള നിബിഡ വനത്തിലാണ് സംഘം കുടുങ്ങിയത്. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോണിന് റേഞ്ചുണ്ടായിരുന്നതിനാല്‍ കുടുങ്ങിയ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. രാത്രിയോടെ പൊലീസും വനംവകുപ്പും ഇവരെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമം തുടങ്ങിയിരുന്നു. 11.45 ഓടെ വനത്തിലെത്തിയ റെസ്‌ക്യൂ സംഘം ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പുലര്‍ച്ചെയോടെ തിരിച്ചെത്തിക്കുകയുമായിരുന്നു.

More Stories from this section

family-dental
witywide