ജോർജിയയിലെ ഹൈസ്കൂളിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേ സ്കൂളിലെ 14 വയസ്സുള്ള വിദ്യാർഥിയാണ് വെടിയുതിർത്ത പ്രതി. ഇയാളെ പൊലീസ് പിടികൂടി.
അറ്റിലാൻ്റക്ക് സമീപം, ബറോ കൗണ്ടിയിലെ വിൻഡറിലെ അപാലാച്ചി ഹൈസ്‌കൂളിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. രണ്ട് വിദ്യാർത്ഥികളും രണ്ട് അധ്യാപകരും മരിച്ചതായി ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. 8 വിദ്യാർഥികൾക്കും ഒരധ്യാപകനും പരുക്കേറ്റു. അവർ ആശുപത്രിയിലാണ്.
വെടിവയ്പ് തുടങ്ങിയതോടെ കുട്ടികൾ നിലവിളിച്ചുകൊണ്ട് പല സ്ഥലങ്ങളിൽ അഭയത്തിനായി ഓടി. വിവരം അറിഞ്ഞ് പൊലീസും മാതാപിതാക്കളും സ്കൂളിലേക്ക് പാഞ്ഞെത്തി. പൊലീസ് എത്തിയ ഉടനെ പ്രതിയെ പിടികൂടി. .
പ്രാദേശിക ഷെരീഫ് ജൂഡ് സ്മിത്ത് ആക്രമണത്തെ “തനി കാടത്തം” എന്നാണ് വിശേഷിപ്പിച്ചത്. ഒരു മുതിർന്ന വ്യക്തിയെ എന്നപോലെ തന്നെ ഈ 14കാരനെ വിചാരണ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഏത് തരം തോക്കാണ് ഉപയോഗിച്ചതെന്നോ എത്ര വെടിയുണ്ടകളാണ് ഉപയോഗിച്ചതെന്നോ കുറ്റകൃത്യത്തിനു പിന്നിലെ കാരണമോ നിയമപാലകർ വ്യക്തമാക്കിയിട്ടില്ല.
ഓൾജിബ്ര ക്ളാസ് നടക്കുന്നതിനിടെ പ്രതിയായ 14 വയസ്സുകാരൻ ക്ലാസ് റൂമിൻ്റെ പുറത്തേക്ക് പോയി. അൽപ സമയത്തിനു ശേഷം അവൻ തിരികെ വന്ന് ക്ലാസ് ഡോറിൽ മുട്ടി. എന്നാൽ അവൻ്റെ കയ്യിൽ തോക്കുണ്ടെന്ന് കണ്ട മറ്റൊരു വിദ്യാർഥി വാതിൽ തുറക്കാൻ സമ്മതിച്ചില്ല.അതോടെ അക്രമി അടുത്ത ക്ലാസിലേക്ക് പോയി വെടിവയക്കാൻ തുടങ്ങി – പ്രതിയായ വിദ്യാർഥിയുടെ സഹപാഠിയായ ലെയ്ല സറയാത്ത് സിഎൻഎന്നിനോട് പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ ഓട്ടിസം ബാധിച്ച 14 വയസ്സുള്ള മേസൺ ഷെർമർഹോൺ എന്ന വിദ്യാർഥിയുണ്ടെന്ന് പ്രാദേശിക ടിവി റിപ്പോർട്ട് ചെയ്തു.
സംഭവത്തെ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. വിവേകശൂന്യമായ തോക്ക് ആക്രമണം കാരണം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി ജിലും ഞാനും വിലപിക്കുന്നു. അതിജീവിച്ചവര്‍ക്കൊപ്പമുണ്ടാവുമെന്നും ബൈഡന്‍ പറഞ്ഞു.
14 year Student Arrested After 4 killed in US School Mass Shooting