
കൊളറാഡോ: അമേരിക്കയിലെ കൊളറാഡോയില്‍ നിന്നുള്ള ജേസണ്‍ കൂപ്പര്‍ തന്റെ 45 -ാം ജന്മദിനത്തില്‍ സുഹൃത്തിനൊപ്പം വീടിനടുത്തുള്ള ഒരു പര്‍വതത്തിലേക്ക് യാത്ര പോയി. അവിടെ വെച്ചാണ് അത് സംഭവിച്ചത്. ഒരു പാറയുടെ അടുത്തായി പുറത്തേക്ക് തള്ളിനില്‍ക്കുന്ന നിലയില്‍ അയാള്‍ അസ്ഥികള്‍ കണ്ടത്. പിന്നീട് അവിടം പരിശോധിക്കുകയും കുഴിച്ചു നോക്കുകയും ചെയ്തു. അപ്പോഴാണ് ബാക്കി അസ്ഥികള്‍ കൂടി കണ്ടെത്തിയത്. അവ ഒരു ദിനോസറിന്റെ അസ്ഥികളാണെന്ന് പിന്നീട് തിരിച്ചറിയുകയും ചെയ്തു.
100 ഏക്കറോളം ഭൂമിയുടെ ഉടമയായ ജേസണിന് ഇതൊരു പുതിയ അനുഭവമായിരുന്നില്ല. തന്റെ പറമ്പില്‍ നിന്നും കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ 10 ദിനോസറുകളുടെ അസ്ഥികള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഒടുവിലായി കണ്ടെത്തിയ അസ്ഥിയായിരുന്നു ഏറ്റവും വലുത്. ജേസണ്‍ അധികാരികളെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഈ അസ്ഥികള്‍ക്ക് ഏകദേശം 150 മില്ല്യണ്‍ വര്‍ഷത്തെ പഴക്കമെങ്കിലും ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അപെക്‌സ് എന്നാണ് ഈ അസ്ഥിക്ക് പേര് നല്‍കിയിരിക്കുന്നത്.
ജൂലൈയില്‍ ഈ അസ്ഥികൂടം ലേലം ചെയ്യും. ലേലത്തില്‍ ഇതിന് കോടികള്‍ ലഭിക്കും എന്നാണ് വിവരം. മാത്രമല്ല, ഇത്ര പൂര്‍ണമായ അസ്ഥികൂടം കിട്ടുന്നത് അപൂര്‍വമാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. എന്തായാലും ജേസണ്‍ കൂപ്പറിന് കോളടിച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ.