തിരുവനന്തപുരത്ത് ഗുണ്ടാ സംഘം ബോംബ് നിര്‍മ്മിക്കുന്നതിനിടെ പൊട്ടിത്തെറി, 17 കാരന് ഗുരുതര പരിക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് മണ്ണന്തലയില്‍ ഗുണ്ടാ സംഘം ബോംബ് നിര്‍മ്മിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ഒരാള്‍ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ അനിരുദ്ധിനാണ് (17) പരിക്കേറ്റത്. അനിരുദ്ധിന്റെ രണ്ട് കൈപ്പത്തികളും പൂര്‍ണമായും തകര്‍ന്നു. സംഭവത്തിൽ ബോംബ് നി‍ർമ്മാണത്തിന് ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

മുക്കോലയിലെ ആളൊഴിഞ്ഞയിടത്ത് വെച്ചാണ് നാലംഗ ഗുണ്ടാ സംഘം ബോംബ് നിര്‍മ്മിച്ചത്. അനിരുദ്ധിനൊപ്പം സഹോദരൻ അഖിലേഷ്, കിരണ്‍, ശരത് എന്നിവരാണ് ബോബുണ്ടാക്കാനുണ്ടായിരുന്നത്. നിര്‍മ്മാണത്തിനിടെ അനിരുദ്ധിന്റെ കയ്യിൽ നിന്നും സ്ഫോടക വസ്തു നിലത്തേക്ക് വീണ് പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ നാല് പേര്‍ക്കും പരിക്കേറ്റെങ്കിലും ഒരാളുടെ നില മാത്രമാണ് ഗുരുതരം. അഖിലേഷിന്റെ കാലിനും പരിക്കുണ്ട്.

സംഘത്തിലുണ്ടായിരുന്ന കിരണ്‍, ശരത് എന്നിവ‍രെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. എന്തിനാണ് ബോംബ് നിര്‍മ്മിച്ചതെന്നതിൽ ഇതുവരെയും വ്യക്തതയില്ല. പരിക്കേറ്റ അനിരുദ്ധൻ നേരത്തെ അനധികൃത പടക്കനിർമ്മാണ കേസിലും ബോംബേറ് കേസിലും പ്രതിയാണ്. അഖിലേഷ് അടിപിടി കേസ് പ്രതിയാണ്.

17 year old man injured while making the bomb in thiruvananthapuram