ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നതിനായി വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് കൗമാരക്കാരന്‍ മരിച്ചു. ദ ന്യൂയോര്‍ക്ക് പോസ്റ്റ് പ്രകാരം മെയ് 15 ഞായറാഴ്ചയാണ് ദാരുണമായ അപകടത്തില്‍ 17 വയസ്സുള്ള ഒരു റാപ്പറിന് ജീവന്‍ നഷ്ടപ്പെട്ടത്. സഫോക്ക് ആസ്ഥാനമായുള്ള റാപ്പര്‍ റൈലോ ഹഞ്ചോയാണ് ദാരുണമായ മരണത്തിലേക്ക് സ്വയം നടന്നടുത്തത്.
ദാരുണമായ സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ ലേസര്‍ ഘടിപ്പിച്ച കൈത്തോക്ക് ഉപയോഗിച്ച് ഹഞ്ചോ പാടുന്നതും നൃത്തം ചെയ്യുന്നതും കാണിക്കുന്നു. തുടര്‍ന്ന് തോക്ക് തലയ്ക്ക് നേരെ ചൂണ്ടുകയും ചെയ്യുന്നു. പൊടുന്നനെ ഒരു വെടിയൊച്ച കേള്‍ക്കുകയും ക്യാമറ താഴെ വീഴുകയും ചെയ്യുന്നു.
സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷിക്കുന്നുണ്ടെങ്കിലും അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് സൂചനകള്‍. അമേരിക്കയിലെ തോക്ക് ഉപയോഗം ഇതിനോടകം നിരവദി വാദ പ്രതിവാദങ്ങളിലൂടെ കടന്നുപോയ പ്രശ്‌നമാണ്. തോക്ക് കൊണ്ടുനടക്കുക എന്നത് കുട്ടികളിലും കൗമാരക്കാരിലും ഒരു സ്വാധീനമായി മാറിയിരിക്കുന്നുവെന്നും വിമര്‍ശനമുണ്ട്. കൂടുതല്‍ ആശങ്കാജനകമായ ഈ സാഹചര്യത്തിന്റെ അവസാന ഉദാഹരണമാണ് ഹഞ്ചോയ്ക്ക് സംഭവിച്ചത്.
സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) ഏറ്റവും പുതിയ വാര്‍ഷിക മരണനിരക്ക് കണക്കുകളുടെ വിശകലനം അനുസരിച്ച്, 2021-ല്‍, യുഎസിലെ തോക്കുമായി ബന്ധപ്പെട്ട മരണങ്ങളില്‍ 54% ആത്മഹത്യകളായിരുന്നു (26,328), 43% കൊലപാതകങ്ങളാണ് (20,958).