സിയോൾ: ദക്ഷിണ കൊറിയയിലെ ലിഥിയം ബാറ്ററി ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ 18 ചൈനീസ് പൗരന്മാർ ഉൾപ്പെടെ 22 പേർ കൊല്ലപ്പെട്ടതായി അഗ്നിശമന സേന അറിയിച്ചു. വിശാലമായ ഫാക്ടറിയിലെ രണ്ടാം നിലയിൽ സ്റ്റോറേജിൽ 35,000 ബാറ്ററി സെല്ലുകൾ ഉണ്ടായിരുന്നു. കൂടുതൽ ബാറ്ററികൾ മറ്റ് പ്രദേശങ്ങളിലായി സംഭരിച്ചിരിക്കുകയാണ്.
ലിഥിയം അയൺ ബാറ്ററികൾ പരിശോധിച്ച് പാക്കേജ് ചെയ്യുന്ന രണ്ടാം നിലയിൽ നിന്ന് തൊഴിലാളികൾ തുടർച്ചയായ സ്ഫോടനങ്ങളുടെ ശബ്ദം കേൾക്കുകയായിരുന്നു. അപകട സമയത്ത് ഫാക്ടറിയിൽ 100-ലധികം ആളുകൾ ജോലി ചെയ്യുകയായിരുന്നുവെന്ന് അഗ്നിശമന സേനാംഗം കിം ജിൻ-യംഗ് മാധ്യമങ്ങളോട് പറഞ്ഞു.
തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ 20 വിദേശ പൗരന്മാർ ഉൾപ്പെടെ ഇരുപത്തിരണ്ട് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 18 പേർ ചൈനക്കാരാണ്. ഒരാൾ ലാവോസിൽ നിന്നും മറ്റൊരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. മിക്ക മൃതദേഹങ്ങളും കത്തിക്കരിഞ്ഞതിനാൽ ഓരോന്നും തിരിച്ചറിയാൻ കുറച്ച് സമയമെടുക്കുമെന്നും കൂട്ടിച്ചേർത്തു.
അഗ്നിശമന സേനാംഗങ്ങൾ അടുത്തുള്ള ഫാക്ടറികളിലേക്ക് തീ പടരുന്നത് തടയാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് കിം പറഞ്ഞു. ഫാക്ടറിക്ക് പുറത്ത് ഡസൻ കണക്കിന് അഗ്നിശമന ട്രക്കുകൾ നിരയായി നിൽക്കുന്നുവെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.