ഐഎസ് അനുകൂലിയായ അലക്സാണ്ടർ മെർക്കുറിയോ എന്ന 18നുകാരനെ ശനിയാഴ്ച എഫ്ബിഐ അറസ്റ്റ് ചെയ്തു. ഐഡഹോ സ്വദേശിയായ ഇയാളെ പരിസരത്തെ ക്രിസ്ത്യൻ പള്ളികളിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത് എന്ന് എഫ്ബിഐ അറിയിച്ചു. ഇയാളുടെ വീട്ടിൽ നിന്ന് തോക്കുകൾ, സ്ഫോടക വസ്തുക്കൾ , കത്തികൾ, ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന മറ്റ് വസ്തുക്കൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്.
പള്ളികൾ ആക്രമിക്കാൻ ഉദ്ദേശിച്ചിരുന്ന ദിവസത്തിന് തലേന്നാണ് ഇയാൾ പിടിയിലായത്. മരിക്കുന്നുവരെ പള്ളികൾ തോറും കയറി ഇറങ്ങി വെടിവയ്ക്കാനും തീയിടാനുമാണ് ഇയാൾ പദ്ധതിയിട്ടിരുന്നത്. 20 വർഷം വരെ തടവു ശിക്ഷ ലക്ഷിക്കാവുന്ന കുറ്റമാണ് ഇയാൾക്കെതിരെ ജസ്റ്റിസ് ഡിപാർട്മെന്റ് ആരോപിച്ചിരിക്കുന്നത്. ഒരു വിദേശ തീവ്രവാദ സംഘടനയ്ക്ക് ഭൗതിക പിന്തുണയും വിഭവങ്ങളും നൽകാൻ ശ്രമിച്ചു എന്ന കുറ്റവും ഇയാൾക്കെതിരെ നിലനിൽക്കുന്നുണ്ട്.
വിശുദ്ധ മാസമായ റമദാൻ അവസാനിക്കുന്നതിന് മുമ്പ് താൻ താമസിച്ചിരുന്ന സംസ്ഥാനത്തിൻ്റെ വടക്ക്-പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു നഗരത്തിൽ ആക്രമണം നടത്തി, രക്തസാക്ഷിത്വം വഹിക്കാൻ ഈ കൗമാരക്കാരൻ ആഗ്രഹിച്ചിരുന്നു എന്ന് എഫ്ബിഐ പറയുന്നു.
സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഇയാൾ ഐസ്എസിലേക്ക് എത്തപ്പെടുന്നത്. ഇയാളുടെ ചാറ്റുകളെല്ലാം എഫ്ബിഐ നിരീക്ഷിച്ചു വരികയായിരുന്നു .