പ്രവാസലോകത്തേക്ക് ചേക്കേറുന്ന മലയാളികളുടെ എണ്ണം കൂടുകയാണ്. സാമ്പത്തിക ബാധ്യതയും മക്കളുടെ പഠിത്തവും വിവാഹവും മികച്ച ജോലിയും അടക്കം നിരവധി കാരണങ്ങളാണ് പ്രവാസത്തിനു പിന്നിലുള്ളത്. അതേസമയം, പ്രവാസികള്‍ വഴി കേരളത്തിലേക്കുള്ള പണമയയ്ക്കലിനും വേഗം കൂടുകയാണ്.
കഴിഞ്ഞ വര്‍ഷം, മലയാളി പ്രവാസികള്‍ 2.16 ലക്ഷം കോടി രൂപയാണ് നാട്ടിലേക്ക് അയച്ചത്. കേന്ദ്രം ഭക്ഷ്യ സബ്സിഡിക്കായി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്ന 2.05 ലക്ഷം കോടിയേക്കാള്‍ കൂടുതലാണ് ഈ തുക.
ഇനി മുന്‍ വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 2022 ല്‍ 1.9 ലക്ഷം കോടിയാണ് പ്രവാസികള്‍ കേരളത്തിലേക്ക് അയച്ചത്. 2017-18ല്‍ 85,092 കോടിയും, കേരളം വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന 2018-19ല്‍ 1.14 ലക്ഷം കോടിയും, 2021-22ല്‍ കോവിഡ് ആഘാതത്തിന് ശേഷം 1.44 ലക്ഷം കോടി രൂപയുമാണ് കേരളത്തിലേക്ക് എത്തിയത്.
പ്രവാസി പണത്തിന്റെ വരവ് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് നല്ലതാണെന്നതില്‍ സംശയമൊന്നുമില്ല. ഈ എന്‍ആര്‍ഐ നിക്ഷേപങ്ങളും പണമയക്കലുകളും കേരളത്തിന്റെ മൊത്തം സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ഏതാണ്ട് നാലിലൊന്ന് (23.2%) വരും.
സംസ്ഥാന സര്‍ക്കാരിന്റെ 2023-ലെ കേരള മൈഗ്രേഷന്‍ സര്‍വേ (കെഎംഎസ്) പ്രകാരം പ്രവാസികളില്‍ നിന്നും 73.3% ഫണ്ടുകളും പ്രതിമാസം എത്തുന്നുണ്ട്. എന്നാല്‍ 19.3% മൂന്നുമാസത്തിലൊരിക്കലാണ് പണം അയയ്ക്കുന്നത്. പണം എത്തുന്ന കുടുംബങ്ങള്‍ അത് വിവേകപൂര്‍വ്വം ഉപയോഗിക്കുന്നതായും ഡേറ്റ വ്യക്തമാക്കുന്നു. പണത്തിന്റെ ഏകദേശം മുക്കാല്‍ ഭാഗവും സേവിംഗ്‌സ് (22%) ആയും, 22% നിക്ഷേപങ്ങളായും, 26% കടങ്ങള്‍ അടയ്ക്കാനും, 4% വിദ്യാഭ്യാസത്തിനുമായാണ് നീക്കിവെക്കുന്നത്.