ലെബനനിൽ ഇസ്രയേലിന്റെ ഡ്രോൺ ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു, ആശങ്കയിൽ അതിർത്തി

ജറൂസലം: ലെബനനിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ച നടന്ന ആക്രമണത്തിൽ മൂന്നുപേർക്ക് പരുക്കേറ്റതായും ലബനാൻ സർക്കാർ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഗോലാൻ കുന്നുകളിൽ റോക്കറ്റ് ആക്രമണത്തിൽ 12 കുട്ടികൾ മരിച്ചതിന് പിന്നാലെയാണ് ഇസ്രായേൽ സൈനിക നീക്കം.

ലെബനൻ അതി‍ർത്തിയിൽ മോട്ടോ‍ർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ലെബനൻ മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്യുന്നു. കൂടെയുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. തെക്കൻ ലബനാനിൽ നടന്ന മറ്റൊരു ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹിസ്ബുള്ള പ്രവർത്തകരെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളെയും ആക്രമിച്ചതായാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ശനിയാഴ്ച ഗോലാൻ കുന്നുകളിലെ മജ്ദൽ ഷംസ് ഗ്രാമത്തിൽ കുട്ടികളുടെ ഫുട്ബോൾ മൈതാനത്തുണ്ടായ റോക്കറ്റാക്രമണത്തിലാണ് 12 കുട്ടികൾ മരിച്ചത്. ഇസ്രയേലിന്റെ അധീനതയിലാണ് ​ഗോലാൻ കുന്ന് പ്രദേശം. ആക്രമണത്തിന് പിന്നിൽ ഹിസ്ബുള്ളയാണെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. ഇരു കൂട്ടരും തമ്മിൽ ലെബനൻ അതി‍‍ർത്തിയിൽ മാസങ്ങളായി സംഘ‍ർഷം നിലനിൽക്കുന്നതിനിടെയായിരുന്നു ശനിയാഴ്ചയിലെ മിസൈൽ ആക്രമണവും തുടർന്നുള്ള പ്രത്യാക്രമണവും.

More Stories from this section

family-dental
witywide