യുഎസിനെ കുലുക്കി ബെറിൽ; വെർമോണ്ടിൽ 2 പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു, നിരവധി റോഡുകളും പാലങ്ങളും തകർന്നു

പ്ലെയിൻഫീൽഡ് : ബെറിൽ ചുഴലിക്കാറ്റും പേമാരിയും നാശം വിതച്ച വെർമോണ്ടിൽ രണ്ടു മരണം. വ്യാഴാഴ്ച രാവിലെ ലിൻഡൺവില്ലിലെ വെള്ളപ്പൊക്കമുള്ള തെരുവിലൂടെ വാഹനം ഓടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ജോൺ റൈസ് (73) എന്ന വയോധികൻ മരിച്ചു. അദ്ദേഹം ഓടിച്ചിരുന്ന വാഹനം ഒഴുക്കിൽപ്പെട്ട് റോഡിൽ നിന്ന് 10 അടി (3.05 മീറ്റർ) താഴേക്ക് പതിച്ചു. വണ്ടി ഓടിക്കുന്നത് അപകടമാണ് എന്ന് പലരും മുന്നറിയിപ്പ് നൽകിയെങ്കിലും അദ്ദേഹം അത് അവഗണിച്ച് മുന്നോട്ടു പോവുകയായിരുന്നു. വെള്ളപ്പൊക്കം കുറഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് റൈസിൻ്റെ മൃതദേഹം കണ്ടെടുത്തത്.

ബുധനാഴ്ച വൈകിട്ട് പീച്ചാമിൽ വെള്ളപ്പൊക്കത്തിൽ വാഹനത്തോടെ ഒലിച്ചു പോയ ഡിലൻ കെംപ്ടൺ (33) എന്ന യുവാവിൻ്റെ മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് കണ്ടെത്തിയത്.

ബെറിൽ ചുഴലിക്കാറ്റുമൂലം വെർമോണ്ടിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. ഒരു അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൻ്റെ ഭൂരിഭാഗവും ഒലിച്ചുപോയി. കഴിഞ്ഞ വർഷം ഉണ്ടായ വലിയ പ്രളയത്തിൽ നിന്ന് കരകയറുന്നതേയുള്ളു വെർമോണ്ട്. അതിനു മുന്നേ അടുത്ത പ്രളയം എത്തി. പല പാലങ്ങളും റോഡുകളും തകർന്നു. പല ചെറു റോഡുകളും തകർന്നിരിക്കുകയാണ്. ഗതാഗതം താറുമാറായി. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നിരവധിപ്പേരെ മാറ്റിപാർപ്പിച്ചിരിക്കുകയാണ്.

ബെറിൽ വിതച്ച നാശത്തിൽ യുഎസിൽ 9 പേരും കരീബിയൻ ദ്വീപിൽ 11 പേരും മരിച്ചിട്ടുണ്ട്. ബെറിൽ, ഒരു കാറ്റഗറി 1 ചുഴലിക്കാറ്റായി തിങ്കളാഴ്ചയാണ് ടെക്സാസിൽ എത്തിയത്. ഹ്യൂസ്റ്റൺ പ്രദേശത്ത് ദശലക്ഷക്കണക്കിന് ആളുകൾക്ക് അത് വൈദ്യുതിയില്ലാതാക്കി. അത് പിന്നീട് ഉഷ്ണമേഖലാ ചുഴലിക്കാറ്റായി യു.എസിൻ്റെ ഉള്ളിലൂടെ കടന്ന് കാനഡയിലേക്ക് പോവുകയാണ്. പോകുന്ന വഴിയെല്ലാം കനത്ത മഴയും വെള്ളപ്പൊക്കവുമാണ്.

ബുധനാഴ്ച പടിഞ്ഞാറൻ ന്യൂയോർക്കിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ വീടുകൾക്കും കളപ്പുരകൾക്കും കേടുപാടുകൾ സംഭവിച്ചു. സംസ്ഥാനത്തിൻ്റെ ചില പ്രദേശങ്ങളിൽ10 സെൻ്റിമീറ്ററിൽ ഏറെ മഴ ലഭിച്ചു, ലോവിൽ ഗ്രാമത്തിലെ തെരുവുകളിൽ വെള്ളം കുത്തിയൊഴുകി.

മൺറോ, ഡാൾട്ടൺ, ലാൻകാസ്റ്റർ, ലിറ്റിൽടൺ എന്നിവയുൾപ്പെടെ വടക്കൻ ന്യൂ ഹാംഷെറിലെ നിരവധി റോഡുകളിൽ വെള്ളം കയറി. അവിടെ 20 പേർ ഒരു വാൾമാർട്ട് സ്റ്റോറിൽ താൽക്കാലികമായി കുടുങ്ങിയിട്ടുണ്ടെന്നും ജീവനക്കാർ രക്ഷാപ്രവർത്തനം നടത്തിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

2 died in USA due to flooding from Hurricane beryl